തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള സംവിധായകനാണ് ഗൗതം വാസുദേവ് മേനോൻ. തമിഴിൽ നിരവധി ഹിറ്റ് സിനിമകളുടെ സംവിധായകനാണ് ഗൗതം മേനോൻ. ഏഴ് വർഷം മുൻപാണ് അദ്ദേഹം അഭിനയ രംഗത്ത് സജീവമാകാൻ തുടങ്ങിയത്. വിക്രത്തിനെ നായകനാക്കി ഷൂട്ടിംഗ് ആരംഭിച്ച ധ്രുവനച്ചത്തിരമാണ് അദ്ദേഹത്തിന്റെ സംവിധാനത്തിൽ വരാനിരിക്കുന്ന ചിത്രം. ഏറെ കാരണങ്ങൾകൊണ്ട് ചിത്രം മുടങ്ങുകയായിരുന്നു. ഒരു പക്ഷേ തെന്നിന്ത്യയിൽ ഇത്രയും വലിയൊരു കാലയളവിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രമില്ലെന്ന് തന്നെ പറയാം.
ധ്രുവ നച്ചത്തിരത്തിന്റെ ഷൂട്ടിംഗ് മുടങ്ങിയതിന് ശേഷമാണ് ഗൗതം മേനോൻ അഭിനയ രംഗത്തേയ്‌ക്ക് ചുവടുവെച്ചത്. ഏഴു വർഷത്തിനിടെ മിക്ക തെന്നിന്ത്യൻ ഭാഷകളിലുമായി നിരവധി സിനിമകളിൽ ഗൗതം മേനോൻ അഭിനയിച്ചു. എന്നാൽ ഇതിനിടെ ഒരു സിനിമ പോലും ഗൗതം മേനോൻ സംവിധാനം ചെയ്തിട്ടില്ല. സംവിധാനത്തിൽ നിന്ന് അഭിനയത്തിലേയ്‌ക്ക് എത്തിയതിനെ പറ്റി ഇപ്പോൾ തുറന്നു പറയുകയാണ് ഗൗതം മേനോൻ. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ധ്രുവനച്ചത്തിരത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കുന്നതിന് വേണ്ടിയാണ് താൻ സിനിമകളിൽ അഭിനയിക്കാൻ തുടങ്ങിയത്. കുറച്ച് കഴിഞ്ഞപ്പോൾ ധ്രുവനച്ചത്തിരം പൂർത്തിയാക്കാൻ കഴിയില്ലെന്ന് തനിക്ക് തോന്നി. ആ സമയത്താണ് സിനിമകളിൽ അഭിനയിക്കാൻ ചിലരിൽ നിന്നും ക്ഷണങ്ങൾ വന്ന് തുടങ്ങിയത്. ഞാൻ ആരോടും അവസരം ചോദിച്ചിരുന്നില്ല. അത് സംഭവിക്കുകയായിരുന്നു. സിനിമകളിൽ നിന്ന് ലഭിക്കുന്ന പ്രതിഫലം കൊണ്ട് ഈ ചിത്രം പൂർത്തിയാക്കാം എന്നതിനാലാണ് അഭിനയിച്ചതെന്നും ഗൗതം മേനോൻ പറഞ്ഞു. അല്ലാത്തപക്ഷം താൻ സിനിമയിൽ അഭിനയിക്കുകയില്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു
2016 ലാണ് ധ്രുവനച്ചത്തിരത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ഇതിനിടെ ചിത്രത്തിന്റെ ഒരു ടീസറും ഗാനവും പുറത്തു വിട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ സിനിമ ഉടൻ പ്രദർശനത്തിനെത്തും എന്ന വാർത്ത ആരാധകരെ അറിയിച്ചത്.















