കഴിഞ്ഞ ദിവസമാണ് റിലയൻസിന്റെ ബജറ്റ് ഫ്രണ്ട്ലി ഇന്റർനെറ്റ് ഫോണായ ജിയോഭാരത് ബി1 (JioBharat B1) പുറത്തിറങ്ങിയത്. തുച്ഛമായ വിലയ്ക്ക് 4ജി ഫോൺ ലഭിക്കുന്നതിനാൽ ജിയോഭാരത് ബി1-ൽ ആവശ്യമുള്ള ഫീച്ചേഴ്സ് അടങ്ങിയിട്ടുണ്ടാകുമോ എന്ന സംശയമാണ് പലരും ഉന്നയിച്ചത്. എന്നാൽ 4ജി ഫീച്ചറുള്ള ഫോണിൽ യുപിഐ പേയ്മെന്റ്സ് ഉൾപ്പടെ സാധ്യമാകുമെന്ന് കമ്പനി അവകാശപ്പെടുന്നു.
2.4 ഇഞ്ച് വലിപ്പമുള്ള സ്ക്രീനാണ് ഫോണിനുള്ളത്. ജിയോഭാരത് ബി1 തുറന്നാൽ കാണാൻ സാധിക്കുന്ന ജിയോപേ (JioPay) ആപ്പ് മുഖേന യുപിഐ ഇടപാടുകൾ നടത്താം. ഫോണിന്റെ പിൻഭാഗത്ത് കാമറയും എൽഇഡി ടോർച്ചുമുണ്ട്. 2000mAh ബാറ്ററിയുടെ ഫോണാണിത്. 343 മണിക്കൂർ വരെ സ്റ്റാൻഡ്ബൈ മോഡിൽ നിലനിൽക്കും. ഫോണിൽ ജിയോസാവൻ ആപ്പ് ബിൽട്ട്-ഇൻ ആയി കാണാം. ജിയോസിനിമ ആപ്പും ഫോണിൽ പ്രവർത്തിക്കുന്നതാണ്. 23 ഇന്ത്യൻ ഭാഷകളെയും ഫോൺ പിന്തുണയ്ക്കുന്നുണ്ട്.
110 ഗ്രാം മാത്രമാണ് ഫോണിന്റെ ഭാരം. 3.5 എംഎം ഹെഡ്ഫോൺ ജാക്കും മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഫോണിലുണ്ട്. ഇതുവഴി 128 ജിബി വരെ സ്റ്റോറേജ് വർദ്ധിപ്പിക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും. ഇതൊരു ബജറ്റ് ഫീച്ചർ ഫോണായതിനാൽ ജിയോ ഒഴികെയുള്ള മറ്റ് സിമ്മുകളിൽ ഫോൺ പ്രവർത്തിക്കുന്നതല്ല.
വിപണിയിൽ 1,299 രൂപയാണ് JioBharat B1 4G ഫോണിന്റെ വില. ആമസോൺ ഇന്ത്യയിൽ ഫോൺ ലഭ്യമാണ്. ജിയോയുടെ 123 രൂപയുടെ പ്ലാൻ തിരഞ്ഞെടുത്താൽ 14 ജിബി ഡാറ്റയ്ക്കൊപ്പം അൺലിമിറ്റഡ് കോളിംഗ് 28 ദിവസത്തേക്ക് ലഭിക്കും. 1234 രൂപയുടെ വാർഷിക പ്ലാൻ തിരഞ്ഞെടുത്താൽ 168 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിംഗും വർഷം മുഴുവനും നൽകുന്നു.