എപിജെ അബ്ദുൾകലാമിന്റെ 92-ാം ജന്മദിനത്തോടനുബന്ധിച്ച് രാമേശ്വരം മാരത്തോൺ ഫ്‌ലാഗ് ഓഫ് ചെയ്ത് ഐഎസ്ആർഒ മേധാവി എസ് സോമനാഥ്. ഇന്ത്യയുടെ മുൻ രാഷ്‌ട്രപതി ഡോ.എപിജെ അബ്ദുൾ കലാമിന്റെ ജന്മദിനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങാണ് രാമേശ്വരം മാരത്തൺ. ജില്ലാ കളക്ടർ പി വിഷ്ണുശന്ദ്രന്റെ നേതൃത്വത്തിൽ രാവിലെ ആറിന് നടന്ന മാരത്തോൺ പരിപാടിയിൽ നിരവധി യുവാക്കളാണ് അണിനിരന്നത്.
ബഹിരാകാശ ശാസ്ത്രജ്ഞനെന്ന നിലയിൽ രാജ്യത്തിന്റെ രണ്ട് പ്രധാന ബഹിരാകാശ ഗവേഷണ സംഘടനകളിൽ അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഡിആർഡിഒ, ഐഎസ്ആർഒ എന്നീ ഗവേഷണ കേന്ദ്രങ്ങളിൽ കലാം പ്രവർത്തിച്ചിരുന്നു. പതിനൊന്നാമത് രാഷ്‌ട്രപതിയായി സേവനം അനുഷ്ടിച്ച എപിജെ അബ്ദുൾകലാമിന്റെ ജന്മദിനമായ ഇന്ന്് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രദ്ധാജ്ഞലി അർപ്പിച്ചിരുന്നു.
കലാമിന്റെ എളിമ നിറഞ്ഞ പെരുമാറ്റവും അസാധാരണമായ ശാസ്ത്രീയ കഴിവും പ്രധാനമന്ത്രി എടുത്തു പറഞ്ഞു. രാഷ്‌ട്രത്തിന്റെ പുരോഗതിക്കായി അദ്ദേഹം നൽകിയ സംഭാവനകൾ എന്നും ജനമനസുകളിൽ ആദരവോടെ സ്മരിക്കപ്പെടുമെന്നും പ്രധാനമന്ത്രി കുറിച്ചു. 2015 ജൂലൈ 27-ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഷില്ലോംഗിൽ സംഘടിപ്പിച്ച ചടങ്ങളിൽ സംസാരിക്കവെ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞു വീണാണ് കലാം മരണപ്പെട്ടത്. എന്നാൽ ജനമനസുകളിൽ ഇന്നും അദ്ദേഹം മരിക്കാത്ത ഓർമ്മയായി നിലനിൽക്കുന്നു.