മുഖം വികൃതമാക്കി പിടിച്ചാൽ എന്തുസംഭവിക്കും? ലോക റെക്കോർഡ് വരെ നേടിയെടുക്കാമെന്നാണ് ജോവാന്റ് കാർട്ടർ എന്ന യുവാവ് തെളിയിച്ചിരിക്കുന്നത്. മുഖം വിചിത്ര രൂപത്തിൽ നിർത്തുന്ന ‘ഗർണിംഗ്’ എന്ന മത്സരത്തിൽ പങ്കെടുത്താണ് കാർട്ടറിന്റെ ഗിന്നസ് നേട്ടം. മൂക്കിന് മുകളിലൂടെ കീഴ്‌ച്ചുണ്ട് വലിച്ച് പിടിച്ച് വികൃത രൂപത്തിലാക്കി നിർത്തിയ കാർട്ടറിന്റെ മുഖമാണ് റെക്കോർഡ് നേടിയത്. ഒരു മിനിറ്റ്, രണ്ട് സെക്കൻഡ് നേരം അദ്ദേഹത്തിന് ഇതേരൂപത്തിൽ തുടരാൻ സാധിച്ചിരുന്നു. ഇറ്റാലിയൻ ടിവി സീരീസായ ലോ ഷോ ഡെയ് റെക്കോർഡിന്റ സെറ്റിൽ ആണ് യുവാവ് തന്റ വൈദഗ്ധ്യം പ്രകടിപ്പിച്ചത്.
മുഖം വിചിത്ര രൂപത്തിലാക്കുന്ന ഈ ട്രിക്ക് ഉപയോഗിക്കുമ്പോൾ ശ്വസിക്കാൻ കഴിയില്ലെന്നതാണ് മറ്റൊരു വസ്തുത. അതായത് ഒരു മിനിറ്റ് 2 സെക്കൻഡ് നേരം ശ്വാസമടക്കി നിർത്തിയാണ് വിചിത്ര രൂപത്തിൽ മുഖം കാണിക്കുന്നതെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ് ജഡ്ജ് മാർക്കോ ഫ്രിഗാട്ടി ചൂണ്ടിക്കാട്ടി. 2012ൽ ചൈനയുടെ ഷുക്വാൻ ടാങ് സ്ഥാപിച്ച 53 സെക്കൻഡ് റെക്കോർഡാണ് ജോവാന്റ് കാർട്ടർ തകർത്തത്.
മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് അസാധാരണമായ മുഖം ഉണ്ടാക്കാനുള്ള കഴിവുണ്ടെന്ന് മനസിലാക്കിയതെന്ന് കാർട്ടർ പറഞ്ഞു. മുഖം വിചിത്രരൂപത്തിൽ പിടിക്കുന്നത് കണ്ട് ചുറ്റുമുള്ളവർ പൊട്ടിച്ചിരിക്കുമായിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു. ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിന് ആരാധകരാണ് കാർട്ടറിനുള്ളത്.















