കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ മദ്ധ്യവയസ്‌കൻ പിടിയിൽ. ചാത്തമംഗലം സ്വദേശി ഖാദറാണ് പിടിയിലായത്. കോഴിക്കോടുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് സംഭവം. പെൺകുട്ടിയുടെ അമ്മയുടെ കൂടെ ആശുപത്രിയിൽ ഒപ്പം പോയ ആളാണ് പ്രതി.
അമ്മ ഡോക്ടറെ കാണാൻ പരിശോധന മുറിയിൽ പോയ സമയത്ത് ഇയാൾ പെൺകുട്ടിയെ ആശുപത്രിയുടെ പുറത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇയാൾ കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നത് സിസിടിവിയിൽ പതിയുകയും ഇത് ശ്രദ്ധയിൽപ്പെട്ട ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ സ്ഥലത്തെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ആശുപത്രി അധികൃതരുടെ പരാതിയിൽ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ റിമാൻഡ് ചെയ്തതായി പോലീസ് അറിയിച്ചു.