തമിഴ് താരം അജിത് കുമാറിന് ആരാധകരേറെയാണ്. താരത്തിന്റെ സിനിമ റിലീസിനെത്തിയാൽ തിയറ്ററുകളിൽ ഒരു ഉത്സവം തന്നെയാണ്. സ്‌ക്രീൻ പ്രസൻസ് കൊണ്ടുമാത്രമല്ല ലളിതമായ ജീവിതശൈലി കൊണ്ടും ആരാധകരെ സ്വന്തമാക്കിയ താരമാണ് അജിത്ത്. വളരെ കഷ്ടപ്പെട്ട് കെട്ടിപ്പടുത്തതാണ് അദ്ദേഹം തന്റെ സാമ്രാജ്യം. സിനിമയിൽ നിലനിൽക്കാൻ വളരെയധികം കഷ്ടപ്പെട്ടു. ഇപ്പോഴിതാ, തെണ്ണൂറുകളുടെ കാലഘട്ടത്തിൽ അജിത്തിന് നേരിടേണ്ടി വന്ന ഒരു സംഭവത്തെ കുറിച്ച് ഓർത്തെടുക്കുകയാണ് സിനിമാ നിരൂപകനായ ചെയ്യരു ബാലു. സംവിധായകൻ ബാലയും അജിത്തുമായി നടന്ന സംഘർഷത്തെപ്പറ്റിയാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.
ചെയ്യാറൂ ബാലുവിന്റെ വാക്കുകൾ ഇങ്ങനെ….
‘ഞാൻ കടവുൾ എന്ന ചിത്രത്തിന്റെ വേളയിലാണ് ബാലയും അജിത്തും തമ്മിൽ പ്രശ്നം ഉണ്ടായത്. ഈ സിനിമയ്‌ക്ക് വേണ്ടി മുടി നീട്ടി വളർത്തണമെന്ന് ബാല, അജിത്തിനോട് പറഞ്ഞു. തന്നോട് ചോദിക്കാതെ മുടി വെട്ടരുതെന്നും നിർദ്ദേശം ഉണ്ടായിരുന്നു. എന്നാൽ തീരുമാനിച്ച തീയതിയിൽ ഷൂട്ടിംഗ് നടക്കാതെ നീണ്ടു പോയി. ഇതോടെ സിനിമയുടെ ചർച്ച നടക്കുന്നുണ്ടെന്ന് അറിഞ്ഞ് ഒരു സ്റ്റാർ ഹോട്ടലിൽ സംവിധായകൻ ബാലയെ കാണാൻ അജിത്ത് പോയി. അയാളുടെ അടുപ്പക്കാരും അവിടെ ഉണ്ടായിരുന്നു. ‘
‘ഈ കൂടിക്കാഴ്ചയിൽ കഥ പറഞ്ഞില്ലെങ്കിലും വൺ ലൈൻ പറയണമെന്ന് അജിത്ത്, ബാലയോട് ആവശ്യപ്പെട്ടു. എന്നാൽ വളരെ പരിഹാസത്തോടെ ആയിരുന്നു ബാല കഥ പറഞ്ഞത്. ഇത് അജിത്തിന് തീരെ ഇഷ്ടമായിരുന്നില്ല. ഇതിനിടെ അജിത്തിന്റെ മുടി ശ്രദ്ധിച്ച ബാല, ആരാണ് മുടി വെട്ടാൻ പറഞ്ഞതെന്ന് ചോദിച്ച് ബഹളമായി. ഇങ്ങനെയാണ് ചർച്ചയെങ്കിൽ ഈ സിനിമ നടക്കില്ലെന്ന് പറഞ്ഞ് ഇറങ്ങാൻ തുടങ്ങിയ അജിത്തിനെ ബാല പിടിച്ചിരുത്തി. ഇരുവരുടെയും സംസാരം വാക്കുതർക്കത്തിൽ കലാശിക്കുക ആയിരുന്നു. സംസാരത്തിനിടെ ഇവിടെ ബാലയ്‌ക്ക് ഒപ്പം ഉണ്ടായിരുന്ന ഒരാൾ അജിത്തിന്റെ പുറത്ത് അടിച്ചു. നീ പെരിയ ഹീറോവാ എന്ന് അയാൾ ആക്രോശിച്ചു. ഇത് കേട്ടതോടെ അജിത്ത് ഞെട്ടിപ്പോയി. പിന്നേ, ഇരുപത് ദിവസം അജിത് ആരോടും മിണ്ടാതെ നടന്നു-എന്ന് ചെയ്യരു ബാലു പറഞ്ഞു.
അന്ന് മാദ്ധ്യമങ്ങളോട് ഈ സംഭവം വാർത്ത ആക്കരുതെന്ന് അജിത്ത് അഭ്യർത്ഥിച്ചിരുന്നെന്നും ചെയ്യരു ബാലു പറയുന്നു. അങ്ങനെ സംഭവിച്ചാൽ ബാലയെ പോലൊരു സംവിധായകന്റെ കരിയർ നഷ്ടമാകുമെന്നാണ് അജിത്ത് പറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.