ടെൽ അവീവ്: ഹമാസ് ഭീകരർക്കെതിരെയുള്ള ആക്രമണം ശക്തമാക്കുന്നതിനിടെ സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്. ഗാസ അതിർത്തിക്ക് സമീപം നിലയുറപ്പിച്ചിരിക്കുന്ന സൈനികരുമായാണ് അദ്ദേഹം തുടർ നീക്കങ്ങളെ കുറിച്ച് ചർച്ച ചെയ്തത്. ഇരുട്ടിനെതിരെയുള്ള പ്രകാശത്തിന്റെ യുദ്ധമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് ഇസ്രായേലിന്റെ നീക്കത്തെ ഗാലന്റ് വിശേഷിപ്പിച്ചത്.
പ്രദേശത്തെ ക്യാമ്പിൽ എത്തിയ ശേഷമാണ് അദ്ദേഹം സൈനികരോട് സംസാരിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സാധാരണക്കാരെ തട്ടിക്കൊണ്ടു പോവുകയോ കൊല്ലുകയോ ചെയ്യുന്ന ഹമാസിന്റെ നടപടികൾ ഒരു അംഗീകരിക്കില്ലെന്നും, ഇതിനെതിരെ നിശബ്ദത പാലിക്കില്ലെന്നും ഗാലന്റ് പറഞ്ഞു.
” കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവിടെ നടക്കുന്ന സംഭവങ്ങൾ വിലയിരുത്തി വരികയാണ്.ഹമാസ് എന്നാൽ ക്രൂരത എന്ന് മാത്രമാണ് അർത്ഥം. ഇസ്രായേൽ പ്രതിരോധ സേന ശക്തമായി തന്നെ ഹമാസ് ഭീകരർക്കെതിരെ പോരാടി അവരെ ഉന്മൂലനം ചെയ്യും. ഹമാസ് ബന്ദികളാക്കിയ എല്ലാവരേയും കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തി വരികയാണെന്നും” അദ്ദേഹം പറഞ്ഞു
ബന്ദികളാക്കപ്പെട്ടവരുടേയും ഹമാസ് ക്രൂരതകൾക്ക് ഇരകളാക്കപ്പെട്ടവരുടേയും കുടുംബങ്ങളിൽ നിന്ന് ഓരോ ദിവസവും നൂറു കണക്കിന് സന്ദേശങ്ങളാണ് ലഭിക്കുന്നത്. ഹമാസിനെതിരെ പോരാടുക എന്നതിനോടൊപ്പം തന്നെ അവരെ കണ്ടെത്തുക എന്നതും തങ്ങളുടെ ലക്ഷ്യമാണെന്നും” ഗാലന്റ് പറഞ്ഞു.















