തൃശൂർ: ഒല്ലൂരിലെ ജനങ്ങളുടെ ഉറക്കം കെടുത്തിയ ‘സീരിയൽ മോഷ്ടാവിനെ ഒടുവിൽ പോലീസ് കയ്യോടെ പിടികൂടി. പെരുവാങ്കുളങ്ങര സ്വദേശി നവീൻ ജോയ് ആണ് ഒല്ലൂർ പോലീസിന്റെ പിടിയിലായത്. വിവിധയിടങ്ങളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ ചില്ല് തകർത്ത് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. അങ്ങനെ അഞ്ചോളം വാഹനങ്ങളിൽ നിന്നാണ് ഇയാൾ മോഷണം നടത്തിയിട്ടുള്ളത്.
ഒല്ലൂരിലുള്ള സ്ഥാപനത്തിന്റെ പാർക്കിങ് ഏരിയയിലും, ഒല്ലൂരിലെ സിനിമാ തിയേറ്ററിനടുത്തും, ലയൺസ് ക്ലബിനടുത്തും, ഒല്ലൂർ പള്ളി ഗ്രൗണ്ടിലും പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ല് തകർത്തായിരുന്നു മോഷണം. ഭൂരിഭാഗം മോഷണവും നടത്തിയത് രാത്രിയിലാണ്. നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും, വാഹനങ്ങൾ പരിശോധിച്ചും ദിവസങ്ങളോളം പ്രതിയെ നിരീക്ഷിച്ചുമാണ് നവീൻ ജോയെ പിടികൂടിയത്.
തുടർന്ന് പ്രതി വീണ്ടും ഇത്തരത്തിൽ മോഷണം നടത്താൻ ഒല്ലൂരിൽ എത്തിയപ്പോൾ കൈയ്യോടെ പിടികൂടുകയായിരുന്നു. മണ്ണുത്തി, ഒല്ലൂർ, കൊടകര, പുതുക്കാട് എന്നീ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ ബൈക്ക് മോഷണം, എം.ടി.എം കവർച്ച, ക്ഷേത്ര കവർച്ച തുടങ്ങി നാലോളം കേസുകൾ നിലവിലുണ്ട്.