തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് ഇന്നലെ ടെക്‌നോപാർക്കിലേക്ക് വെള്ളം കയറിയിട്ടും അറിയിപ്പ് നൽകിയില്ലെന്ന ആരോപണവുമായി
സ്റ്റാർട്ട് അപ്പ് കമ്പനി. മഴക്കെടുതി അറിയിപ്പ് നൽകാത്തതിനെ തുടർന്ന് മാർവല്ലസ് ഡിസൈൻ സ്റ്റുഡിയോയ്‌ക്കാണ്് 30 ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായത്.
പ്രളയ ഭീഷണി ഉണ്ടായിരുന്നിട്ടും രാവിലെ 8 മണിയോടെയാണ് വെള്ളം പൊങ്ങിയ വിവരം അറിയിക്കുന്നത്. അവധി ദിവസം ആയതിനാൽ ഓഫീസിൽ ആരും ഉണ്ടായിരുന്നില്ലെന്നും കമ്പനി പറഞ്ഞു. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ടെക്‌നോപാർക്കിൽ അടക്കം വെള്ളം കയറിയിരുന്നു. വെളളക്കെട്ട് മൂലം നിരവധി കമ്പനികൾക്ക് നഷ്ടം ഉണ്ടായതായാണ് സൂചന.
ഇന്നലെ കനത്ത മഴയെ തുടർന്ന് തിരുവനന്തപുരത്ത് വൻ നാശനഷ്ടങ്ങളാണ് ഉണ്ടായത്. മലയോര- നഗരമേഖലകളിൽ താഴ്ന്ന പ്രദേശങ്ങൾ പൂർണമായും വെള്ളത്തിൽ മുങ്ങി. തെറ്റിയാർ കരകവിഞ്ഞ് ഒഴുകിയതോടെ കഴക്കൂട്ടം മുഴുവൻ വെള്ളത്തിനടിയിലായി. ഇതോടെ ടെക്‌നോപാർക്കിലും വെള്ളം കയറി. നഗരത്തിൽ കണ്ണമൂല, ജഗതി, വെള്ളായണി, ഗൗരീശപട്ടം എന്നീ പ്രദേശങ്ങളെയാണ് മഴ കൂടുതലായി ബാധിച്ചത്. ചാക്കയിൽ റോഡ് പൂർണമായും വെള്ളത്തിൽ മുങ്ങിയിരുന്നു.