എറണാകുളം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ആദ്യ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് ഇഡി. ഈ മാസം 31-നാണ് കുറ്റപത്രം സമർപ്പിക്കുക. ആദ്യ കുറ്റപത്രത്തിൽ പി.ആർ അരവിന്ദാക്ഷൻ, പി. സതീഷ്‌കുമാർ, പി.പി. കിരൺ, സി.കെ ജിൽസ് എന്നിവരാണ് പ്രതികൾ. പ്രതികളുടെ സ്വാഭാവിക ജാമ്യം തടയുന്നതിനാണ് 60 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകുന്നത്.
കേസിൽ മുൻ മന്ത്രി എ.സി. മൊയ്തീനും, സിപിഎം നേതാവ് എം.കെ. കണ്ണനുമെതിരായ അന്വേഷണം രണ്ടാം ഘട്ടത്തിലാണ്. കേസുമായി ബന്ധപ്പെട്ട് ഇരുവരെയും ഇഡി വിശദമായി ചോദ്യം ചെയ്തിരുന്നെങ്കിലും ഇവരെ പറ്റി കുറ്റപത്രത്തിൽ പരാമർശമില്ല. മൊയ്തീനും കണ്ണനും ചെറുമീനുകൾ മാത്രമാണെന്നും, വൻസ്രാവുകൾ പുറത്തുണ്ടെന്നും ഇഡി വ്യക്തമാക്കി.
അതേസമയം കരുവന്നൂർ കേസിലെ കള്ളപ്പണം ഇടപാടിൽ ഇഡിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. കേസിൽ പെരിങ്ങണ്ടൂർ ബാങ്ക് പ്രസിഡന്റ് എം.ആർ. ഷാജൻ ഇന്ന് ഹാജരായേക്കും. മൊഴി നൽകാൻ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നേരത്തെ നോട്ടീസ് നൽകിയിരുന്നു.















