കൗതുകമായി ജമ്മു കശ്മീരിലെ മാതാ വൈഷ്‌ണോദേവി ക്ഷേത്രത്തിലെ ആകാശപ്പാത. കഴിഞ്ഞ ദിവസം രാഷ്‌ട്രപതി ദ്രൗപദി മുർമുവാണ് 250 മീറ്റർ നീളമുള്ള പാത രാജ്യത്തിന് സമർപ്പിച്ചത്. കേബിൾ കാർ ഉപയോഗിച്ച് തീർത്ഥാടകർക്ക് ആറ് മിനിറ്റിൽ ക്ഷേത്രത്തിലെത്താനാകും. നേരത്തെ ഇത് ആറ് മണിക്കൂറോളം സമയമെടുത്തിരുന്നു. നിലവിലുള്ള തീർത്ഥാടന പാതയ്‌ക്ക് 20 അടി ഉയരത്തിലാണ് പുതിയ ആകാശപാത.
കത്രയിലെ ബേസ് ക്യാമ്പിന് സമീപമുള്ള താരക്കോട്ടിൽ നിന്നാണ് സർവീസ് ആരംഭിക്കുന്നത്. ക്ഷേത്രത്തിന് സമീപമുള്ള സഞ്ജിഘട്ടിലാകും കേബിൾ കാർ തീർത്ഥാടകരെ എത്തിക്കുക. 14 മാസം സമയമെടുത്താണ് പദ്ധതി പൂർത്തീകരിച്ചത്. തീർത്ഥാടകരുടെ തിരക്ക് കാരണമുണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരമായാണ് പുതിയ പാതയുടെ നിർമ്മാണം.
അത്യന്താധുനിക സംവിധാനങ്ങളോടെയാണ് ആകാശ പാതയുടെ നിർമ്മാണം. തടി പാകിയ തറയും ഭിത്തികളിൽ വൈഷ്‌ണോദേവിയുടെ കഥ പറയുന്ന ചിത്രങ്ങളും ആത്മീയമായ അന്തരീക്ഷം തീർത്ഥാടകർക്ക് സമ്മാനിക്കും. രണ്ട് എമർജെൻസി വാതിലുകൾ, വിശ്രമമുറികൾ, എൽഇഡി വാൾ എന്നിവയും തീർത്ഥാടകരുടെ സൗകര്യത്തിനായി നിർമിച്ചിട്ടുണ്ട്. 15.69 കോടി രൂപ മുടക്കിയാണ് ആകാശപാത പൂർത്തിയാക്കിയത്.
12 കിലോമീറ്റർ ദൂരം പിന്നിട്ട് വേണം വൈഷ്‌ണോ ദേവി ക്ഷേത്രത്തിൽ എത്താൻ. കാൽനടയായോ അല്ലെങ്കിൽ വിമാനമാർഗം മാത്രമാണ് ഇവിടെ എത്താൻ സാധിച്ചിരുന്നുള്ളൂ. യാത്രക്കാരുടെ ഈ ക്ലേശത്തിനാണ് പരിഹാരമായിരിക്കുന്നത്. കുറഞ്ഞ ചെലവിൽ ക്ഷേത്രത്തിലെത്തിച്ചേരാൻ തീർത്ഥാടകരെ അനുവദിക്കുന്നതാണ് ഈ പുതിയ പാത.















