തൃശൂർ: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വർണശബളമായ ബൊമ്മക്കൊലു ഒരുക്കി തൃശൂർ പഴയ നടക്കാവ് പാണ്ഡി സമൂഹമഠം ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം. ക്ഷേത്രത്തിൽ ഒരുക്കിയ ബൊമ്മക്കൊലു തൃശൂർ റൂറൽ എസ് പി ഐശ്വര്യ ഡോങ്ക്‌റെ ഐപിഎസ് ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ കൗൺസിലർ പൂർണിമ സുരേഷും ചടങ്ങിൽ പങ്കെടുത്തു. നവരാത്രി ദിനങ്ങളിൽ ഭക്തജനങ്ങളെല്ലാം അമ്പലത്തിൽ പോയി പ്രാർത്ഥിക്കണമെന്ന് പറഞ്ഞ ഐശ്വര്യ ഡോങ്ക്‌റെ എല്ലാവർക്കും നവരാത്രി ആശംസകൾ നേർന്നു. അതേസമയം നവരാത്രിയുടെ ഭക്തിസാന്ദ്രമായ ദിനങ്ങളിൽ നിരവധി പേരാണ് ബൊമ്മക്കൊലു കാണാൻ ഇവിടേക്ക് എത്തുന്നത്.
വിവിധ തട്ടുകളിലായി നവദുർഗ, അഷ്ടലക്ഷ്മി, ദശാവതാരം, നവഗ്രഹങ്ങൾ, സപ്തകന്നി തുടങ്ങി ദേവിദേവന്മാർ മുതൽ മനുഷ്യനും മൃഗങ്ങളുമെല്ലാം ബൊമ്മക്കൊലുവിലുണ്ട്. നവരാത്രി ദിനങ്ങളിൽ വീടുകളിലും ക്ഷേത്രങ്ങളിലും ബൊമ്മക്കൊലു വെച്ച് പൂജിച്ചാൽ ഐശ്വര്യം ലഭിക്കുമെന്നതാണ് വിശ്വാസം. കന്നി മാസത്തിലെ അമാവാസി കഴിഞ്ഞാണ് ബൊമ്മക്കൊലു വെയ്‌ക്കുക. ഇപ്രാവശ്യം ഒരുക്കിയ ബൊമ്മകൊലുവിൽ രാമായണ കഥയും വിവരിക്കുന്നുണ്ട്. ഓരോ പർവങ്ങളിലും വിവിധ രൂപങ്ങളാൽ വർണശോഭയോടെയാണ് കഥ പറയുന്നത്.