ചെന്നൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 19-കാരൻ പിടിയിൽ. അപസ്മാരത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് കുട്ടി ഏഴ് മാസം ഗർഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് നാടിനെ നടുക്കിയ സംഭവം. പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്ന യുവാവിനെയാണ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസമാണ് കുട്ടിയെ അപസ്മാര ലക്ഷണങ്ങളെ തുടർന്ന് കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ പ്രവേശിച്ചത്. ചികിത്സയിലിരിക്കെ പിറ്റേ ദിവസം കുട്ടി മരണത്തിന് കീഴടങ്ങി. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്. ഉടനെ ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് അന്വേഷണസംഘം പെൺകുട്ടിയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് 19-കാരനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ഇരുവരും തമ്മിൽ നിരന്തരം വിളിച്ചിരുന്നതായി കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ ക്‌സറ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ പെൺകുട്ടിയുമായി ഇഷ്ടത്തിലായിരുന്നുവെന്ന് സമ്മതിച്ചു. പിന്നാലെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.















