ലണ്ടൻ: ഇസ്രായേലിൽ നടക്കുന്ന ഹമാസ് ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഹമാസ് ഭീകരാക്രമണത്തിന്റെ ഇരകളാകുന്നത് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുളള വലിയ സമൂഹമാണ്. നിരപരാധികളായ പാലസ്തീൻ ജനത പോലും ഹമാസിന്റെ ഇരകളാണ്. ഹമാസ് ഭീകരാക്രമണത്തിൽ യുകെയുടെ പൂർണ പിന്തുണ ഇസ്രായേലിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹമാസ് ഭീകരാക്രമണത്തിൽ 1400ൽ അധികം ആളുകൾ കൊല്ലപ്പെടുകയും 3500 ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്രായേലികളുൾപ്പെടെയുളള 200 ഓളം പേരെയാണ് ഹമാസ് ബന്ദികളാക്കി വച്ചിരിക്കുന്നത്. സ്ത്രീകളും കുട്ടികളും വയസ്സായവരും ഭീകരാക്രമണത്തിന്റെ ഇരകളായി മാറി. ഇതിൽ ഇസ്രായേലികൾക്ക് പുറമെ, 30 രാജ്യങ്ങളിൽ നിന്നുളളവരും ഉൾപ്പെടുന്നു. ഹമാസ് ഭീകരാക്രമണത്തെ ചെറുക്കാനായി ഞങ്ങൾ ഇസ്രായേലിനൊപ്പം ചേർന്ന് പ്രവർത്തിക്കും. ഇസ്രായേൽ വിട്ട് സ്വദേശത്തേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുന്ന ബ്രീട്ടിഷ് ജനതയെ തിരികെ എത്തിക്കും. -സുനക് പാർലമെന്റിൽ വ്യക്തമാക്കി.
ബ്രിട്ടനിലെ ജൂത സമൂഹത്തെ അഭിസംബോധന ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ഇസ്രായേലിനെ ഇപ്പോൾ പിന്തുണയ്‌ക്കുന്നത് പോലെ തുടർന്നും രാജ്യം പിന്തുണയ്‌ക്കും. ജൂത സമൂഹത്തിന്റെ മാതൃഭൂമി എന്നാണ് ഇസ്രായേൽ അറിയപ്പെടുന്നത്. എന്നാൽ മാതൃഭൂമി ഇല്ലാതാകുന്ന വിധമാണ് ഇപ്പോഴുളള ആക്രമണങ്ങൾ. നിരപരാധികളായ പാലസ്തീൻ ജനതയെ ഹമാസ് മനുഷ്യ കവചമായി ഉപയോഗിക്കുകയാണ്. പാലസ്തീൻ ജനതയും ഹമാസിന്റെ ഇരകളാണ്. ഗാസയിലെ ജനങ്ങൾക്ക് മാനുഷിക പിന്തുണ നൽകണം. പാലസ്തീൻ ജനത ആഗ്രഹിക്കുന്നത് പോലെയല്ല ഹമാസ് നിലക്കൊള്ളുന്നത്. അവർ പാലസ്തീനികളെ അപകടത്തിലാക്കാൻ ശ്രമിക്കുകയാണ്. ഹമാസ് ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായവരുടെ വിയോഗത്തിൽ അതീവ ദു:ഖമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.