ബ്രസൽസ്: ഭീകരാക്രമണത്തെ തുടർന്ന് യൂറോ കപ്പ് യോഗ്യതാ മത്സരം ഉപേക്ഷിച്ചു. ബെൽജിയം – സ്വീഡൻ മത്സരമാണ് പാതി വഴിയിൽ ഉപേക്ഷിച്ചത്. ബ്രസൽസിൽ നടന്ന ഭീകരാക്രമണത്തിൽ തിങ്കളാഴ്ച രണ്ട് സ്വീഡിഷ് പൗരന്മാരെ വെടിയേറ്റ് കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് മത്സരം പാതിസമയം പിന്നിട്ടപ്പോഴാണ് നിർത്തി വയ്‌ക്കാൻ തീരുമാനിച്ചത്.
കൊല്ലപ്പെട്ടവരും പരിക്കേറ്റവരും സ്വീഡിഷ് ആരാധകരാണ്. മത്സരം കാണാനെത്തിയ ആരാധകരാണെന്നാണ് കരുതപ്പെടുന്നത്. സംഭവം നടന്നതിന് പിന്നാലെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. മാത്രമല്ല, മത്സരം കാണാനെത്തിയവരെ സുരക്ഷയുടെ ഭാഗമായി സ്റ്റേഡിയത്തിൽ പിടിച്ചിരുത്തുകയും ചെയ്തു.
ആദ്യപകുതിയ്‌ക്ക് ശേഷം മൈതാനത്തേക്ക് താരങ്ങൾ എത്തിയിരുന്നില്ല. പിന്നീട് മത്സരം ഉപേക്ഷിച്ചെന്നും സ്റ്റേഡിയത്തിൽ ആരാധകർ തുടരണമെന്നും അധികൃതർ അറിയിക്കുകയായിരുന്നു. വേദിയിൽ തുടരാൻ ബെൽജിയം പോലീസ് പറഞ്ഞതായി സ്വീഡൻ ഫുട്ബോൾ അസോസിയേഷനും വ്യക്തമാക്കി. ആക്രമണ വിവരം അറിഞ്ഞ സ്വീഡിഷ് താരങ്ങൾ കളി തുടരാൻ തയ്യാറായില്ലെന്ന് ബെൽജിയം മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയിരുന്നു. അടുത്ത വർഷം നടക്കുന്ന യൂറോ കപ്പിൽ ബെൽജിയം ഇതിനോടകം യോഗ്യത നേടിയിട്ടുണ്ട്.