എറണാകുളം: കലൂരിലെ വൻ മയക്കുമരുന്ന് വേട്ട കേസിൽ അന്വേഷണം എക്‌സൈസ് ക്രൈംബ്രാഞ്ചിന് വിട്ടേക്കും. സംസ്ഥാനാന്തര ബന്ധങ്ങളുള്ള കേസായതിനാലാണ് അന്വേഷണം എക്‌സൈസ് ക്രൈംബ്രാഞ്ചിന് വിടുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു 327 ഗ്രാം എംഡിഎംഎയുമായി നാലംഗസംഘത്തെ എക്‌സൈസ് പിടികൂടിയത്. കേസിൽ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ പങ്കാളിത്തം വ്യക്തമായിരുന്നു.
നേരത്തെ ബെംഗളുരുവിൽ നിന്നായിരുന്നു രാസ ലഹരി എത്തിയിരുന്നത്. എന്നാൽ ഹിമാചൽ പ്രദേശിൽ നിന്നടക്കം ലഹരി വസ്തുക്കൾ കേരളത്തിലേക്ക് എത്തുന്നുണ്ട്. വലിയ അളവിൽ ലഹരി പിടിച്ച കേസായതിനാലും, മറ്റ് സംസ്ഥാനങ്ങളിലുള്ളവർക്ക് കേസിലുള്ള പങ്കാളിത്തത്തിന്റെ സൂചനകൾ ലഭിച്ചതിന്റെയും അടിസ്ഥാനത്തിലാണ് എക്‌സൈസ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് കൈമാറുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. എന്നാൽ നിലവിൽ എക്‌സൈസ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറാൻ തീരുമാനിച്ചിട്ടില്ല. പ്രതികളിൽ നിന്ന് ലഭിച്ച വിവരങ്ങൾ കൂടി പരിശോധിച്ച ശേഷം എക്‌സൈസ് കമ്മീഷണർ തീരുമാനമെടുക്കുക.
തുമ്പിപ്പെണ്ണ് എന്നറിയപ്പെടുന്ന സൂസിമോൾ, അമീർ സുഹൈൽ, കെ.എ. അജ്മൽ, എൽറോയ് വർഗീസ് എന്നിവരായിരുന്നു അറസ്റ്റിലായിരുന്നത്. ഗ്രാമിന് 4000 രൂപ മുതൽ 7000 രൂപ വരെ ഈടാക്കിയായിരുന്നു എംഡിഎംഎ വിൽപ്പന. കലൂർ സ്റ്റേഡിയം ഭാഗങ്ങളിലും, പരിസരങ്ങളിലും വൻതോതിൽ മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ട്. എക്‌സൈസ് ഇന്റലിജൻസ് വിഭാഗവും, സിറ്റി മെട്രോ ഷാഡോയും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ മറ്റ് വൻ നഗരങ്ങളിൽ നിന്ന് കൊച്ചിയിലേക്കാണ് വൻതോതിൽ മയക്കുമരുന്ന്-ലഹരി പദാർത്ഥങ്ങൾ എത്തുന്നതെന്നാണ് വിവരം.