കോട്ടയം: ഒന്നര വയസുള്ള കുഞ്ഞിന് കുത്തിവയ്പ്പ് എടുത്തതിൽ അപാകതയുണ്ടെന്ന് കാണിച്ച് മാതാപിതാക്കൾ നൽകിയ പരാതിയിൽ കേസെടുത്ത് പോലീസ്. കോട്ടയം സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സിനെതിരെയാണ് കേസെടുത്തത്. കുത്തിവയ്പ്പിനെ തുടർന്ന് ഒന്നര വയസുള്ള കുഞ്ഞിന്റെ കൈയ്യിൽ മുഴ വന്ന് പഴുത്തെന്ന പരാതിയിലാണ് കേസെടുത്തത്.
രണ്ട് മാസം മുമ്പാണ് ജോമിൻ-റാണി ദമ്പതികളുടെ മകളായ ഒന്നര വയസുകാരിയുടെ കൈയ്യിൽ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നത്. ഇതേതുടർന്ന് കുട്ടിയുടെ കൈയ്യിൽ മുഴ വരുകയും അത് പിന്നീട് പഴുക്കുകയും ചെയ്തു. സംഭവം ചൂണ്ടിക്കാണിച്ച് മാതാപിതാക്കൾ ആശുപത്രി അധികൃതർക്ക് പരാതി നൽകിയെങ്കിലും വീട്ടുകാരുടെ ശ്രദ്ധ കുറവ് മൂലം കുട്ടിയുടെ കൈയ്യിൽ മുഴ വന്നതെന്നായിരുന്നു അധികൃതരുടെ വാദം.
ആരോഗ്യവകുപ്പിൽ പരാതിപ്പെട്ടിട്ടും നടപടി എടുക്കാത്തതിനെ തുടർന്ന് മാതാപിതാക്കൾ ബാലാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു. കമ്മീഷൻ പോലീസിൽ നിന്നും റിപ്പോർട്ട് തേടിയതിന് പിന്നാലെയാണ് നഴ്‌സിനെതിരെ കേസെടുത്തത്. പരാതിയുമായി മുന്നോട്ട് പോകുമെന്നും മറ്റു കുട്ടികൾക്ക് ഇത്തരം അവസ്ഥ ഉണ്ടാവരുതെന്നും മതാപിതാക്കൾ പറഞ്ഞു.















