സമ്മർ ഇൻ ബത്‌ലേഹിമിലെ രവിയുടേയും ഡെന്നിസിന്റെയും ആ സൗഹൃദം ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കുന്ന മലയാളത്തിന്റെ സ്വന്തം നടൻമാരാണ് സുരേഷ് ഗോപിയും ജയറാമും. ഇരുവരുടെയും സൗഹൃദം വെളിപ്പെടുത്ത ഒരു ട്രോൾ ഇപ്പോഴും സമൂഹ മാദ്ധ്യമങ്ങളിൽ ട്രെൻഡിംഗിൽ തന്നെയാണ്. അടുത്തിടെ ഒരു പരിപാടിയിൽ സ്റ്റൈലിഷ് സ്റ്റാർ അല്ലുഅർജ്ജുന്റെ ‘ അലവൈകുണ്ഠപുരം’ എന്ന തെലുങ്ക് ചിത്രത്തിലെ ‘സാമജവരഗമന’ എന്ന ഗാനം സുരേഷ് ഗോപി പാടിയിരുന്നു. ഇത് മിമിക്രിയിലൂടെ പുനരാവിഷ്‌കരിച്ചാണ് ജയറാം സമൂഹ മാദ്ധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചത്. ‘ജസ്റ്റ് ഫോർ ഫൺ’ എന്ന ക്യാപ്ഷനോടെയായിരുന്നു അന്ന് ആ വീഡിയോ താരം സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. ഇപ്പോഴിതാ വീഡിയോയെ കുറിച്ചുള്ള ജയറാമിന്റെ വാക്കുകളാണ് സമൂഹ മാദ്ധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുന്നത്.
” കണ്ണനാണ് സുരേഷ് അങ്കിൾ പുതിയ പാട്ട് പാടിയിട്ടുണ്ടെന്ന് പറഞ്ഞ് ആ വീഡിയോ എന്നെ കാണിക്കുന്നത്. വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ എനിക്ക് ഒരുപാട് ഇഷ്ടമായി, അപ്പോൾ തന്നെ ഞാൻ സുരേഷിനെ വിളിച്ചു കൺഗ്രാജുലേറ്റ് ചെയ്തു. ഫോൺ വച്ച ശേഷം എനിക്ക് തോന്നി ഇതൊന്ന് ഞാൻ പാടിയാലോ? അപ്പോൾ തന്നെ ഞാൻ പെർമിഷൻ ചോദിച്ചു. സുരേഷ,് ഞാൻ ഇതൊന്ന് റീക്രിയേറ്റ് ചെയ്ത് പാടിക്കോട്ടെ എന്ന് ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു, തീർച്ചയായും, നീ അത് ചെയ്യണം, നിന്റെ റൈറ്റ് ആണത്, യു ഹാവ് ടു ഡു, അതൊക്കെ ഒരു സന്തോഷമല്ലേ.. പാവം ഇത്രയും ഞാൻ കാണിക്കുമെന്ന് വിചാരിച്ചിട്ടുണ്ടാകില്ല.”- ജയറാം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
കന്നഡ സൂപ്പർ സ്റ്റാർ ശിവരാജ്കുമാർ നായകനായി എത്തുന്ന ‘ഗോസ്റ്റ്’ സിനിമയുടെ പ്രസ്മീറ്റിന്റെ ഇടയിലായിരുന്നു ജയറാമിനോട് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യം. സുരേഷ് ഗോപി ജയറാമിനോട് പറഞ്ഞ മറുപടി അതേപോലെ അനുകരിച്ചാണ് താരം മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകിയത്. സാമജവരഗമന പാട്ടിന്റെ റീക്രിയേഷൻ വീഡിയോ കണ്ട് സുരേഷ് ഗോപിയും അദ്ദേഹത്തിന്റെ മകൻ ഗോകുലും സന്തോഷം പങ്കുവെച്ചെന്നും താരം പറഞ്ഞു.
എം.ജി ശ്രീനിവാസാണ് ഗോസ്റ്റ് സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതി, പ്രശാന്ത് നാരായണൻ, അർച്ചന ജോയ്‌സ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഒക്ടോബർ 19-ന് ചിത്രം തിയേറ്ററുകളിൽ എത്തും.















