സുരേഷ് ഗോപി ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ഗരുഡൻ. സുരേഷ് ഗോപിയും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ലീഗൽ ത്രില്ലർ ചിത്രമാണ് ഗരുഡൻ. മലയാള സിനിമയിലെ മികച്ച കൂട്ടുക്കെട്ട് വീണ്ടും ഒന്നിക്കുന്നു എന്നതും മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കുന്നു എന്നുതും ഗരുഡന്റെ പ്രധാന ആകർഷണമാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
സിനിമാ പ്രേമികളുടെ പ്രതീക്ഷകൾക്കൊത്ത് ഗരുഡൻ പറന്നുയരും എന്ന് ഉറപ്പിക്കുന്ന ട്രെയിലറാണ് റിലീസ് ചെയ്തിരിക്കുന്നത്. ത്രില്ലടിപ്പിക്കുന്ന ട്രെയിലറാണ് പുറത്തു വന്നിരിക്കുന്നത്. സുരേഷ് ഗോപിയും ബിജുമേനോനും നേർക്കുനേർ വരുന്നതായും ട്രെയിലറിൽ കാണാൻ കഴിയും. ഇമോഷനും വളരെയധികം പ്രാധാന്യം നൽകുന്ന ചിത്രം സുരേഷ് ഗോപിയുടെ മറ്റൊരു സൂപ്പർ ഹിറ്റാകുമെന്ന് ഉറപ്പാണ്.
റിലീസ് തീയതി കൃത്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നവംബറിൽ സിനിമ തിയേറ്ററിലെത്തുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസിറ്റൻ സ്റ്റീഫനാണ് ചിത്രം നിർമ്മിക്കുന്നത്. സുരേഷ് ഗോപിയ്‌ക്കൊപ്പം സിദ്ദിഖും ജഗദീഷും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ദിലീഷ് പോത്തൻ, അഭിരാമി, ദിവ്യ പിള്ള, മേജർ രവി, ബാലാജി ശർമ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.















