ദിലീപ്-അരുൺ ഗോപി കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് ‘ബാന്ദ്ര’. രാമലീല എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മാസ് കോംമ്പോ വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെയാണ് ചിത്രത്തിന്റെ പ്രതീക്ഷയും. ബിഗ് ബജറ്റിലൊരുക്കിയിരിക്കുന്ന ചിത്രം നവംബറിലാണ് റിലീസിനെത്തുന്നത്. ഉടൻ തിയറ്ററുകളിലെത്തുന്ന സിനിമയുടെ ടീസർ പുറത്തു വിട്ടിരിക്കുകയാണ് അണിയ പ്രവർത്തകർ. ബാന്ദ്രയുടെ രണ്ടാമത്തെ ടീസറാണിത്.
പാൻ ഇന്ത്യൻ താരനിരയാണ് ചിത്രത്തിനായി അണി നിരന്നിരിക്കുന്നത്. ആക്ഷന് വലിയ പ്രാധാന്യം നൽകുന്ന ചിത്രത്തിൽ ഡോൺ കഥാപാത്രമായാണ് ദിലീപ് എത്തുക. ആവേശം തീർക്കുന്ന ടീസറാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. സിനിമയുടെ മാസ് അക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് അൻപറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവരാണ്. സംഘട്ടന രംഗങ്ങളുടെ മിഴിവ് എടുത്തറിയാവുന്ന ടീസറാണ് റിലീസ് ചെയ്തിരിക്കുന്നത്.
വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഉദയകൃഷ്ണയാണ്. തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദിലീപിന്റെ നടിയായി എത്തുന്നത് താരസുന്ദരി തമന്നയാണ്. അഹമ്മദാബാദ്, സിദ്ധാപൂർ, രാജ്കോട്ട്, ഘോണ്ടൽ, ജയ്പൂർ, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലായിരുന്നു ബാന്ദ്രയുടെ ചിത്രീകരണം. ഷാജി കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.