മൈസൂരു: ഒക്ടോബർ 15-ന് ചാമുണ്ഡി മലനിരകളിൽ ദസറ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. പരമ്പരാഗത രീതിയിൽ ആരംഭിച്ച ആഘോഷങ്ങളെ തുടർന്ന് മൈസൂരുവിലേക്ക് വിനോദസഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.ചന്ദ്രയാൻ-3യുടെ മാതൃക രൂപകല്പന ചെയ്തിട്ടുണ്ട് എന്നതാണ് ഈ വർഷത്തെ ദസറ പുഷ്പമേളയുടെ പ്രത്യേകത. ലക്ഷക്കണക്കിന് പൂക്കൾ ഉപയോഗിച്ചാണ് ചന്ദ്രയാൻ-3യുടെ മാതൃക തയാറാക്കിയിരിക്കുന്നത്. ഐഎസ്ആർഒയുടെ മുഴുവൻ ടീമിനും ചാന്ദ്ര ദൗത്യത്തിന്റെ വിജയത്തിനും സമർപ്പിച്ചുകൊണ്ടാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
വിജയകരമായ ചാന്ദ്രദൗത്യത്തിന്റെ ഭാഗമായി ഹോർട്ടികൾച്ചർ വകുപ്പും ജില്ലാ ഹോർട്ടികൾച്ചർ സൊസൈറ്റിയും ചേർന്നാണ് ചന്ദ്രയാൻ-3 മാതൃക രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രദർശന വേളയിൽ റോക്കറ്റ്, വിക്രം ലാൻഡർ, പ്രഗ്യാൻ റോവർ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.ദസറ പുഷ്പമേളയുടെ പ്രധാനആകർഷണമായി ഇത് മാറി. കുപ്പണ്ണ പാർക്കിലെ ഗ്ലാസ് ഹൗസിനുള്ളിലാണ് പുഷ്പങ്ങളിലൂടെ ചന്ദ്രയാൻ-3 രൂപകൽപ്പന ചെയ്തിരിക്കുന്നത്.എല്ലാ വർഷവും ഗ്ലാസ് ഹൗസിനുള്ളിൽ ഒരു പ്രത്യേക മാതൃക സൃഷ്ടിക്കാറുണ്ട്.
രാജ്യത്തിന്റെ ബഹിരാകാശ പദ്ധതിയിലെ തന്നെ ചരിത്ര വിജയം കണക്കിലെടുത്താണ് ഈ വർഷം ചന്ദ്രയാൻ-3യുടെ മാതൃക നിർമ്മിക്കാനുള്ള തീരുമാനത്തിൽ എത്തിയത്. ഇതിന് പുറമെ 90,000 പൂച്ചെടികളോളം പ്രദർശനത്തിന് ഒരുക്കിയിട്ടുണ്ട്.ഫ്‌ളവർ ഷോയിൽ ക്രിക്കറ്റ് ലോകകപ്പിനെ അനുസ്മരിച്ചു കൊണ്ടുള്ള പുഷ്പ പ്രദർശനവും സജ്ജമാക്കിയിട്ടുണ്ട്. രാവിലെ ഒമ്പത് മുതൽ രാത്രി 9.30 വരെയാണ് പ്രവേശനം. മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് പ്രവേശനഫീസ്.