ന്യൂഡൽഹി: ചൈനയിൽ നടന്ന 19-ാമത് ഏഷ്യൻ ഗെയിംസിൽ രാജ്യത്തിന് വേണ്ടി മെഡൽ കരസ്ഥമാക്കിയ കായിക താരങ്ങളെ അനുമോദിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ‘കായിക താരങ്ങളുടെ പ്രകടനവും അവർ നേടിയ മെഡലുകളും രാജ്യത്തെ യുവാക്കൾക്ക് പ്രചോദനമാകുമെന്നും കായിക രംഗത്തേക്ക് കടന്നുവരാൻ യുവാക്കൾക്ക് പ്രേരണയാകുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ഡൽഹിയിൽ മെഡൽ ജേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കായിക താരങ്ങൾ ഒരു മെഡലിനെ മാത്രമല്ല, ഭാരതത്തിന്റെ മികവിനെ കൂടിയാണ് പ്രതിനിധീകരിക്കുന്നത്. വരും തലമുറയ്‌ക്ക് പ്രചോദനം നൽകാനുള്ള മികച്ച മാദ്ധ്യമമാണ് നമ്മുടെ താരങ്ങൾ. ഒരു യുദ്ധക്കളമായാലും കളിക്കളമായാലും ചിലർ എപ്പോഴും രാജ്യത്തിന് വേണ്ടി അർപ്പണബോധത്തോടെയും കഠിനാധ്വാനത്തോടെയും പ്രവർത്തിക്കുന്നു. അതിവേഗം വളരുന്നതും ശക്തവുമായ’ന്യൂ ഇന്ത്യ’യുടെ പ്രതിച്ഛായയാണ് രാജ്യത്തിന്റെ കായിക താരങ്ങളുടെ പ്രകടനം’.
‘പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യത്തിൽ പ്രതിരോധം, അടിസ്ഥാന സൗകര്യം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി എല്ലാ മേഖലകളുടെയും വളർച്ചയ്‌ക്ക് നാം സാക്ഷ്യം വഹിക്കുകയാണ്. ഭാരതത്തിന്റെ വികസന യാത്ര എല്ലായിടത്തും ചർച്ച ചെയ്യപ്പെടുന്നു. ലോകം ഇന്ന് ഭാരതത്തിന്റെ വളർച്ചയുടെ കഥ തിരിച്ചറിഞ്ഞു. രാജ്യത്ത് കായിക സംസ്‌കാരം വളർത്തിയെടുക്കാൻ സർക്കാർ പരിശ്രമിക്കുകയാണ്’ രാജ്‌നാഥ് സിംഗ് പറഞ്ഞു.















