ദക്ഷിണാഫ്രിക്ക സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്തൊരു അട്ടിമറി, ധരംശാലയില്‍ 38 റണ്‍സ് തോല്‍വി വഴങ്ങുമ്പോള്‍ പ്രോട്ടീസ് മണക്കുന്നത് വലിയ ടൂര്‍ണമെന്റുകളിലെ മറ്റൊരു കലം ഉടയ്‌ക്കലാണ്. വമ്പന്‍ നിരയുമായെത്തി ഓരോ തവണയും ക്വാര്‍ട്ടറിലും സെമിയിലും ഗ്രൂപ്പ് ഘട്ടത്തിലും തോറ്റ് മടങ്ങേണ്ടി വരുമ്പോള്‍ കണ്ണീരണിയുന്ന താരങ്ങളാണ് വേദനയായി അവശേഷിക്കുന്നത്. ഇത്തവണ ലോകപ്പില്‍ ശ്രീലങ്കയെയും ഓസ്‌ട്രേലിയയും ആധികാരികമായി കീഴടക്കി സ്വപ്‌ന കുതിപ്പിന് തുടക്കമിട്ടു നില്‍ക്കുമ്പോഴാണ് നെതര്‍ലന്‍ഡ് ഒരുക്കിയ വാരിക്കുഴിയില്‍ ദക്ഷിണാഫ്രിക്ക നെഞ്ചടിച്ച് വീഴുന്നത്. അതിന് മറ്റാരെയും പഴിച്ചിട്ടു കാര്യമില്ല എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം.
നെതര്‍ലന്‍ഡിന് ഈ വിജയം ഒരു തുടര്‍ച്ച കൂടിയാണ്. കഴിഞ്ഞ ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക നെതര്‍ലന്‍ഡിനോട് തോറ്റാണ് പുറത്തായത്. അവരുടെ മൂന്നാമത്തെ മാത്രം ലോലകകപ്പ് വിജയമായിരുന്നു ഇന്നലത്തേത്. ഇടയ്‌ക്ക് രസം കൊല്ലിയായി മഴയെത്തിയെങ്കിലും മത്സരാവേശത്തിന്റെ ചൂടിന് അല്പവും കുറവുണ്ടായില്ല. 43 ഓവറായി ചുരുക്കിയ രണ്ടാം ഇന്നിംഗ്‌സില്‍ 246 റണ്‍സായിരുന്ന ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം.
ദക്ഷിണാഫ്രിക്കയുടെ വമ്പനടിക്കാരെ ക്രീസില്‍ തുടരാന്‍ അനുവദിക്കാതെ പെട്ടെന്ന് കൂടാരം കയറ്റിയതോടെ പ്രോട്ടീസ് മറ്റൊരു നാണക്കേടിലേക്ക് വീണു. ഞായറാഴ്‌ച്ച അഫ്ഗാനിസ്ഥാനെ ഇംഗ്ലണ്ട് അട്ടിമറിച്ചതിന് പിന്നാലെ കരുത്തരായ ദക്ഷിണാഫ്രിക്കയും നെതര്‍ലന്‍ഡിന് മുന്നില്‍ മുട്ടുമടക്കിയത്.
246 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക 42.5 ഓവറില്‍ 207 റണ്‍സിന് കീഴടങ്ങുകയായിരുന്നു. 52 പന്തില്‍ 43 റണ്‍സെടുത്ത ഡേവിഡ് മില്ലറും 36 പന്തില്‍ അഞ്ച് ഫോറും ഒരു സിക്സും സഹിതം 40 റണ്‍സ് നേടിയ കേശവ് മഹാരാജും മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ അല്‍പമെങ്കിലും പിടിച്ച് നിന്നത്. ഹെന്റിച്ച് ക്ലാസന് (28), ജെറാള്‍ഡ് കോഡ്സീ (22), ക്വിന്റണ്‍ ഡികോക്ക് (20), ടെമ്പ ബവുമ (16) എന്നിങ്ങനെയാണ് മറ്റ് ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരുടെ പ്രകടനം.
നെതര്‍ന്‍ഡിനായി ലോഗന്‍ വാന്‍ ബീക്ക് 8.5 ഓവറില്‍ 60 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. മീക്കേരന്‍, മെര്‍വ്, ലീഡ് എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്‌ത്തി. അക്കേര്‍മാന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.ടോസ് നഷ്ടാമായി ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ് എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 245 റണ്‍സ് എടുത്തത്. തകര്‍ന്നടിഞ്ഞ ഓറഞ്ച് പടയെ ഏഴാമാനായി ക്രീസിലെത്തിയ നായകന്‍ സ്‌കോട്ട് എഡ്വാര്‍സിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് കരകയറ്റിയതും. പൊരുതാനുള്ള സ്‌കോര്‍ സമ്മാനിച്ചതും.69 പന്തില്‍ 10 ഫോറും ഒരു സിക്സും സഹിതം പുറത്താകാതെ 78 റണ്‍സാണ് ക്യാപ്റ്റന്‍ നേടിയത്. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരമായിരുന്ന വാന്‍ഡര്‍ മെര്‍വ് 19 പന്തില്‍ 29 റണ്‍സെടുത്തപ്പോള്‍ പത്താമനായി ഇറങ്ങിയ ആര്യന്‍ ഡത്ത് വെറും ഒന്‍പത് പന്തില്‍ 23 റണ്‍സും സ്വന്തമാക്കി. തേജ നിദമനുരു (20), സൈബാന്‍ഡ് (19), മാക്സ് ഒഡോവ്ഡ് (18) എന്നിവരും നെതര്‍ലന്‍ഡ് ടോട്ടലിന് സംഭാവനകള്‍ നല്‍കി.