എറണാകുളം: പ്രശസ്ത നടൻ കുണ്ടറ ജോണിയുടെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തി നടൻ മോഹൻലാൽ. വില്ലൻ വേഷങ്ങളാണ് ചെയ്‌തെങ്കിലും ജീവിതത്തിൽ നൈർമ്മല്യവും നിഷ്‌കളങ്കതയും നിറഞ്ഞ, സ്‌നേഹസമ്പന്നനായ പച്ചമനുഷ്യൻ ആയിരുന്നു ജോണിയെന്ന് നടൻ മോഹൻലാൽ അനുസ്മരിച്ചു. സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു ജോണിയെ അനുസ്മരിച്ചുകൊണ്ട് വൈകാരികമായ കുറിപ്പ് മോഹൻലാൽ പങ്കുവെച്ചത്.
‘പ്രിയപ്പെട്ട ജോണി വിടപറഞ്ഞു. കിരീടവും ചെങ്കോലും ഉൾപ്പെടെ എത്രയെത്ര ചിത്രങ്ങളിൽ ഞങ്ങൾ ഒന്നിച്ചു. സിനിമകളിൽ വില്ലൻ വേഷങ്ങളാണ് കൂടുതൽ ചെയ്തതെങ്കിലും ജീവിതത്തിൽ നൈർമ്മല്യവും നിഷ്‌കളങ്കതയും നിറഞ്ഞ, സ്‌നേഹസമ്പന്നനായ പച്ചമനുഷ്യൻ ആയിരുന്നു, എനിക്ക് ഒരുപാട് പ്രിയപ്പെട്ട ജോണി. ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളിനെയാണ് എനിക്ക് നഷ്ടമായത്. വേദനയോടെ ആദരാഞ്ജലികൾ.’ – മോഹൻലാൽ പറഞ്ഞു.
നടന്മാരായ സുരേഷ് ഗോപി, ഉണ്ണി മുകുന്ദൻ, സംവിധായകൻ വിഷ്ണു മോഹൻ, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, ഗായകൻ എം.ജി ശ്രീകുമാർ തുടങ്ങിയവരും അദ്ദേഹത്തിന് ആദരാഞ്ജലികൾ നേർന്നു. ‘മലയാളികൾ എക്കാലവും ഓർത്തുവെയ്‌ക്കുന്ന ഒരുപിടി മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ എന്റെ സ്വന്തം ജോണ്ണി ചേട്ടന് ആദരാഞ്ജലികൾ.’- എന്ന് സുരേഷ് ഗോപി കുറിച്ചു.
‘കുണ്ടറ ജോണി നമ്മളെ വിട്ടു പോയി . എന്റെ മദ്രാസിലെ തുടക്ക കാലഘട്ടം മുതൽ , എന്റെ അടുത്ത സഹോരനായിയുന്നു. സ്വാമീസ് ലോഡ്ജ്. പണ്ട് മദ്രാസിൽ എത്തുന്ന അന്നത്തെയും, ഇന്നത്തെയും സൂപ്പർ താരങ്ങൾ, ഉൾപ്പടെ എല്ലാ സിനിമ പ്രവർത്തകരും താമസിച്ചിരുന്ന ഒരു പാർപ്പിടം. അവിടെ ജോണിച്ചായനോടൊപ്പം , ആ കൊച്ചു മുറിയിൽ , ഉറങ്ങാനുള്ള ഭാഗ്യം കിട്ടിയ ഒരു എളിയ ഗായകനാണ് ഞാൻ . സ്വാമീസ് ലോഡ്ജിനെ കുറിച്ച് അറിയാത്തവർ കമൻറ് ചെയ്യരുതേ.അങ്ങയുടെ ആത്മാവിന് നിത്യ ശാന്തി നേരുന്നു.’ -എം.ജി ശ്രീകുമാർ കുറിച്ചു.
കഴിഞ്ഞദിവസം ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു കുണ്ടറ ജോണി(69) അന്തരിച്ചത്. നാളുകളേറെയായി ശാരീരിക പ്രശ്‌നങ്ങളെ തുടർന്ന് ചികിത്സ തേടി വരികയായിരുന്നു നടൻ. സിനിമകളിൽ നിന്ന് ഇടവേളയും എടുത്തിരുന്നു.
വില്ലൻ വേഷങ്ങളിലൂടെയാണ് കുണ്ടറ ജോണി ശ്രദ്ധ നേടിയത്. 1979-ൽ അഗ്‌നിപർവ്വതം എന്ന ചലച്ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തി. മലയാളം കൂടാതെ തമിഴ്,തെലുങ്ക്,കന്നഡ ഭാഷകളിലായി നൂറിലധികം ചിത്രങ്ങളിൽ ജോണി വേഷമിട്ടിട്ടുണ്ട്. കിരീടത്തിലെ പരമേശ്വരൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്ത മേപ്പടിയാനിലാണ് അവസാനമായി അഭിനയിച്ചത്.















