മൂന്നാര്‍: കൈയേറ്റക്കാരനെന്ന് നിങ്ങള്‍ പറയുന്നത് നിങ്ങളുടെ മറ്റേടത്തെ ഭാഷയാണ്. കൈയേറ്റത്തെക്കുറിച്ച് എന്നോട് ചോദിക്കുന്നതും വിവര ദോഷമാണെന്ന് എം.എം മണി. കൈയേറ്റം ഒഴിപ്പിക്കാന്‍ ആരെത്തിയാലും അതിനെ എന്തുവിലകൊടുത്തും ചെറുക്കുമെന്നാണ് സിപിഎം നേതാവ് മണിയുടെ ഭാഷ്യം. അനധികൃത കൈയേറ്റമെന്ന് പറഞ്ഞ് ഇടുക്കിക്കാരുടെ സ്വൈര്യ ജീവിതം തകര്‍ക്കാന്‍ ആരുവന്നാലും ഓടിക്കുമെന്ന് എം.എം മണി പറഞ്ഞു.
2,300 കൈയേറ്റങ്ങളെന്ന് റിപ്പോര്‍ട്ട് കൊടുത്ത മഹതിയാണ് ജില്ല കളക്ടറെന്നും കളക്ടറുടേത് ശുദ്ധ വിവരക്കേടെന്നും എം.എം മണി പറഞ്ഞു. പുതിയ വനം കൈയേറ്റം വല്ലതുമുണ്ടെങ്കില്‍ അതുമാത്രം നോക്കിയാല്‍ മതി. ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്. വനം കൈയേറ്റം നോക്കിയാല്‍ മതി. മൂന്നാര്‍ സംഘത്തെ എതിര്‍ക്കുന്നില്ല. അനധികൃത കൈയേറ്റമെന്ന് പറഞ്ഞ് ഇടുക്കിക്കാരുടെ സ്വൈര്യ ജീവിതം തകര്‍ക്കാന്‍ ആരും വരേണ്ട, റിസോര്‍ട്ടുകളും ഹോട്ടലും സുപ്രഭാതത്തില്‍ മൂന്നാറില്‍ പൊട്ടിമുളച്ചതല്ല, സര്‍ക്കാരുകളുടെയും ഉദ്യോഗസ്ഥരുടെയും അറിവോടെയാണ് ഇതൊക്കെ കെട്ടിപ്പൊക്കിയത്.
ഇതു പൊളിച്ചു കളയണമെന്ന നിലപാടുമായി ഉദ്യോഗസ്ഥരൊന്നും മല കയറേണ്ട. പഴയ പൂച്ചകളുടെ നടപടി ഇനിയുണ്ടാകില്ലെന്നും എം എം മണി പറഞ്ഞു.പൊളിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടാല്‍ പ്രതിരോധിക്കും. താമസസ്ഥലങ്ങളോ റിസോര്‍ട്ടുകളോ കൈയ്യേറ്റമെന്ന് ആരും കരുതേണ്ട. തന്റെ നിലപാട് തള്ളിയ ശിവരാമനെയും തള്ളിയായിരുന്നു മണിയുടെ വെല്ലുവിളി.