ന്യൂഡൽഹി: ഭീകരവാദ പ്രവർത്തനങ്ങൾ ലോക സമാധാനത്തിന് ഭീഷണിയാകുന്നുവെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) അജിത് ഡോവൽ. കാരണങ്ങളറിഞ്ഞ് ഈ വിപത്തിനെ ഒരുമിച്ച് നിന്ന് നീക്കം ചെയ്താൽ മാത്രമേ ലോകത്ത് സമാധാനം ഉണ്ടാകൂവെന്നും അദ്ദേഹം വ്യക്തമാക്കി. കസാക്കിസ്ഥാനിൽ നടന്ന എൻഎസ്എകളുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മദ്ധ്യേഷ്യൻ രാജ്യങ്ങൾക്ക് അവരുടെ ഉപയോഗത്തിനായി യുപിഐ സാങ്കേതികവിദ്യ നൽകാനുള്ള ഇന്ത്യയുടെ സന്നദ്ധതയും ഡോവൽ യോഗത്തിൽ അറിയിച്ചു. ഇന്ത്യയും മദ്ധ്യേഷ്യൻ രാജ്യങ്ങളും തമ്മിലുളള വാണിജ്യ ബന്ധം മെച്ചപ്പെടുത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ രാജ്യങ്ങളിൽ നിന്ന് ചികിത്സയ്‌ക്കായി ഇന്ത്യയിലേക്ക് യാത്ര ചെയ്യേണ്ടി വരുന്ന വ്യക്തികൾക്ക് ഇത് പ്രയോജനകരമാകും. മദ്ധ്യേഷ്യ-ഇന്ത്യ ബന്ധം ശക്തമാകുന്നത് വഴി സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ മദ്ധ്യേഷ്യൻ രാജ്യങ്ങളുടെയും പരമാധികാരത്തെ ബഹുമാനിക്കുന്നതിനും പാരിസ്ഥിതികമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും സാമ്പത്തിക സാധ്യതകൾ ഉറപ്പാക്കുന്നതിനൊപ്പം കടബാധ്യതകൾ ഒഴിവാക്കുന്നതിനും ഇത്തരം സംരംഭങ്ങൾ ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതിക്കെതിരെ വ്യാപക വിമർശനം ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഡോവലിന്റെ പരാമർശം.
ഇന്ത്യക്കും മദ്ധ്യേഷ്യൻ രാജ്യങ്ങൾക്കും ഇടയിലുളള അതിർത്തി പ്രശ്‌നം ഒരു പ്രത്യേക രാഷ്‌ട്രത്തിന്റെ ശ്രമഫലമായി ഉണ്ടാകുന്നതാണെന്നും പാകിസ്താനെ പരോക്ഷമായി വിമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ചബഹാർ തുറമുഖം അന്താരാഷ്‌ട്ര നോർത്ത്-സൗത്ത് ട്രാൻസ്പോർട്ട് കോറിഡോറിന്റെ (ഐഎൻഎസ്ടിസി) ഭാഗമാകുന്നതിന്റെ ഗുണങ്ങളും അദ്ദേഹം യോഗത്തിൽ വിശദീകരിച്ചു.















