മലയാള സിനിമ നായികമാർ ഭരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. നായികമാരുടെ പേരിൽ സിനിമകൾ അറിയപ്പെട്ടിരുന്ന കാലം. മലയാളത്തില്‍ മാത്രമല്ല, ഇതര ഭാഷകളിലും കഴിവ് തെളിയിച്ചവരാണ് മലയാളത്തിലെ അഭിനേത്രിമാർ. തെന്നിന്ത്യയിൽ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നയന്‍താര മുതല്‍ ബോളിവുഡില്‍ തിളങ്ങുന്ന വിദ്യാ ബാലന്‍ വരെ മലയാളത്തിന്റെ അഭിമാനമായ നടികളാണ്. ഇവരിൽ പലരും ഇന്ന് സിനിമയിൽ സജീവമല്ല. എന്നിരുന്നാലും ഇവരുടെ ആരാധകരുടെ എണ്ണത്തിൽ ഇപ്പോഴും കുറവുവന്നിട്ടില്ല. ഇതുവ്യക്തമാക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഒരു ഇടവേളക്ക് ശേഷം അഭിനയ രംഗത്തേക്ക് തിരിച്ചുവന്ന മഞ്ജു വാര്യറാണ് ജനപ്രീതിയുടെ പട്ടികയില്‍ ഒന്നാമത്. തിരിച്ചു വരവിന് പിന്നാലെ ധനുഷ്, അജിത് ചിത്രങ്ങളിലടക്കം നടി അഭിനയിച്ചിരുന്നു. പട്ടികയില്‍ രണ്ടാമത് വന്നിരിക്കുന്നത് ഐശ്വര്യ ലക്ഷ്മിയാണ്. മൂന്നാം സ്ഥാനത്തുള്ളത് ശോഭനയും കാവ്യാമാധവനുമാണ്. കല്യാണി പ്രിയദർശനാണ് പട്ടികയില്‍ അഞ്ചാമത് എത്തിയിരിക്കുന്നത്.
അഭിനയ രംഗത്ത് ഇപ്പോള്‍ സജീവമല്ലാത്ത അഭിനേത്രികളാണ് ശോഭനയും കാവ്യാമാധവനും. ഇപ്പോഴും ജനപ്രീതിയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ഇരുവരും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയവരാണ്. ശോഭനയ്‌ക്കും കാവ്യയ്‌ക്കും സമൂഹമാദ്ധ്യമങ്ങളിൽ നിന്നും ലഭിക്കുന്ന പിന്തുണയും സ്നേഹവും അവരോടുള്ള പ്രേക്ഷകരുടെ ആരാധന വ്യക്തമാക്കുന്നു.
അതേസമയം തമിഴ് നടിമാരുടെ പട്ടികയില്‍ നയന്‍താരയാണ് ജനപ്രീതിയില്‍ ഒന്നാമതായി നില്‍ക്കുന്നത്. രണ്ടാമത് സാമന്തയും മൂന്നാമത് തൃഷയുമാണ്. തമന്ന നാലാമതും കീർത്തി സുരേഷ് അഞ്ചാമതുമാണുള്ളത്. സായി പല്ലവി, ജ്യോതിക, പ്രിയങ്ക മോഹന്‍, ശ്രുതി ഹാസ്സന്‍, അനുഷ്ക ഷെട്ടി എന്നിവരാണ് യാഥാക്രമം ആറുമുതല്‍ പത്ത് വരേയുള്ള സ്ഥാനങ്ങളിലുള്ളത്.