ഛത്തീസ്ഗഢ്: പഞ്ചാബിൽ ലോറൻസ് ബിഷ്ണോയി സംഘത്തിലെ ഭീകരനെ പോലീസ് പിടികൂടി. ലോറൻസ് ബിഷ്ണോയി, ഗോൾഡി ബ്രാർ എന്നീ ഭീകരസംഘത്തിന്റെ കൂട്ടാളി സച്ചിൻ ബച്ചിയെയാണ് പോലീസ് പിടികൂടിയത്. പഞ്ചാബ് പോലീസിന്റെ പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് ഭീകരൻ പിടിയിലായത്.
പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം പ്രദേശത്ത് പരിശോധന നടത്തിയത്. ഭീകരർ സംഘം ചേർന്ന് വിദേശ ഭീകരസംഘടനകളുടെ നിർദ്ദേശ പ്രകാരം ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നതായി പോലീസ് കണ്ടെത്തി. പിടികൂടിയ ഭീകരനിൽ നിന്ന് പിസ്റ്റളുകളും വെടിയുണ്ടകളും പോലീസ് പിടിച്ചെടുത്തു. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണെന്ന് പഞ്ചാബ് ഡിജിപി ഗൗരവ് യാധവ് പറഞ്ഞു.
കഴിഞ്ഞ ദിവസം പാകിസ്താൻ ഭീകരൻ റിൻഡയുടെ രണ്ട് കൂട്ടാളികളെ പോലീസ് പിടികൂടിയിരുന്നു. കേന്ദ്ര ഏജൻസികളും പഞ്ചാബ് പോലീസും ചേർന്ന് സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ പിടികൂടിയത്. പിടികൂടിയ ഭീകരർക്ക് യുഎസ് ഗുണ്ടാത്തലവൻ ഹാപ്പി പാസിയയുമായും അടുത്ത ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു.