അന്റാർട്ടികയിൽ കൂറ്റൻ മഞ്ഞുപാളികൾ ഉരുകുന്നു. കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടെ അന്റാർട്ടികയിലെ 40 ശതമാനം മഞ്ഞുപാളികളുടെയും അളവ് ഗണ്യമായി കുറഞ്ഞതായി ശാസ്്ത്രജ്ഞർ കണ്ടെത്തി. 25 വർഷകാലയളവിൽ അന്റാർട്ടിക് ഐസ് ഷെൽഫുകളിൽ ഏകദേശം 8.3 ട്രില്യൺ ടൺ ഐസ് നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ എർത്ത് ഒബ്‌സർവേഷൻ സയൻസ് ഫോർ സൊസൈറ്റി പ്രോഗ്രാം നടത്തിയ ഗവേഷണത്തിലാണ് ഈ സുപ്രധാന കണ്ടെത്തൽ. 1,00,000 സാറ്റലൈറ്റ് റഡാർ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. സയൻസ് അഡ്വാൻസസ് ജേണലിലാണ് ഗവേഷണ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്.
കൂറ്റൻ മഞ്ഞുപാളികളെ ഒഴുകാൻ അനുവദിക്കാതെ പിടിച്ച് നിർത്തുന്നവയാണ് ഐസ് ഷെൽഫുകൾ. 25 വർഷകാലയളവിൽ അന്റാർട്ടിക് ഐസ് ഷെൽഫുകളിൽ ഏകദേശം 8.3 ട്രില്യൺ ടൺ ഐസ് നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. 162 ഐസ് ഷെൽഫുകളിൽ 71 എണ്ണത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഏകദേശം 67 ട്രില്യൺ ടൺ വെള്ളം കടലിൽ ഒഴുകിയെത്തിയിട്ടുണ്ട്. ലീഡ്‌സ് സർവകലാശാലയിലെ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലുള്ള ഗവേഷണസംഘമാണ് പഠനത്തിന് പിന്നിൽ.
അറ്റാർട്ടിക്കയുടെ പടിഞ്ഞാറൻ ഭാഗത്ത് ചൂടുവെള്ളമാണ്. ഇവിടെയാണ് അധികവും ഐസ് ഷെൽഫുകൾ നഷ്ടപ്പെട്ടിരിക്കുന്നത്. കിഴക്ക് ഭാഗത്ത് തണുത്ത വെള്ളമാണ്. ഇവിടെയുള്ള ഐസ് ഷെൽഫുകളിൽ കാര്യമായ കുറവ് രേഖപ്പെടുത്തിയിട്ടില്ല. ഗെറ്റസ് ഐസ് ഷെൽഫിലാണ് കൂടുതൽ ഐസ് നഷ്ടം ഉണ്ടായിട്ടുള്ളത്. 25 വർഷത്തിനിടെ ഏകദേശം 1.9 ട്രില്യൺ ഐസ് ആണ് പ്രദേശത്ത് നിന്ന് നഷ്ടമായത്. പൈൻ ഐലൻസ് ഐസ് ഷെൽഫിൽ നിന്ന് 1.3 ട്രില്യൺ ഐസും നഷ്ടമായി. എന്നാൽ അമേരി ഐസ് ഷെൽഫിൽ 1.2 ട്രില്യൺ ഐസിന്റെ വർദ്ധനവും രേഖപ്പെടുത്തിയിട്ടുണ്ട്.
ചില ഐസ് ഷെൽഫുകൾ വളരെ ചെറിയ അളവിൽ ഉരുകുന്നതായി കണ്ടെത്തിയിരുന്നുവെന്ന് ഗവേഷകനായ ഡോ. ബെഞ്ചമിൻ ഡേവിഡൺ പറഞ്ഞു. എന്നാൽ ഇവ വളരുന്നതായും ഇടയ്‌ക്ക് മനസിലായി. എന്നാൽ നിലവിൽ ഇവയിൽ പലതും വീണ്ടെടുക്കലിന്റെ ലക്ഷണമില്ലാതെ ചുരുങ്ങിയതായി അദ്ദേഹം കൂട്ടിച്ചേർത്തു. 25 വർഷത്തിനിടെ 48 ഐസ് ഷെൽഫുകൾക്ക് പിണ്ഡത്തിന്റെ 30 ശതമാനത്തോളമാണ് നഷ്ടപ്പെട്ടതതെന്ന് ഗവേഷകയായ അന്ന ഹോഗ് വ്യക്തമാക്കി. യൂറോപ്പിലെ കോപ്പർനിക്കസ് സെന്റിനൽ-1 മിഷനും ഇഎസ്എയുടെ ക്രയോസാറ്റുമാണ് പഠനത്തിൽ നിർണായക വിവരങ്ങൾ നൽകിയതെന്ന് ഗവേഷക സംഘം പറഞ്ഞു. മഞ്ഞുമലയുടെ ഉയരത്തിലെ മാറ്റങ്ങൾ അളക്കാനും യഥാർത്ഥ ഹിമത്തിന്റെ അളവിലെ മാറ്റങ്ങൾ കണക്കാക്കാനും ഉപഗ്രഹങ്ങൾ ശാസ്ത്രജ്ഞരെ പ്രാപ്തരാക്കിയതായും സംഘം വ്യക്തമാക്കി.
അറ്റാർട്ടിക്കയിലെ മഞ്ഞുപാളികൾ ഉരുകുന്നത് ആഗോള കാലാവസ്ഥയിൽ വൻ വ്യതിയാനത്തിനിടയാക്കും. വരും നാളുകളിൽ ആഗോള സമുദ്രനിരപ്പ് വൻതോതിൽ ഉയരാനുള്ള സാധ്യതയാണ് ശാസ്ത്രലോകം മുന്നോട്ടുവെക്കുന്നത്. മഞ്ഞുരുക്കം കൂടുന്നത് സമുദ്രനിരപ്പ് ഉയരാനും അതുവഴി സമുദ്രതീരങ്ങൾ കൂടുതൽ കടലെടുക്കുന്നതിനും കാരണമാകും. കാലാവസ്ഥ വ്യതിയാനത്തിന്റെ ത്വരിതഗതിയിലുള്ള മാറ്റങ്ങളാണ് ഇതിന് പിന്നിൽ.















