തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അഴിമതിക്കും കൊള്ളയ്‌ക്കുമെതിരെ സെക്രട്ടറിയേറ്റ് ഉപരോധം നടത്താൻ ദേശീയ ജനാധിപത്യ സഖ്യം. ഒക്ടോബർ 30-ന് നടക്കുന്ന ഉപരോധത്തിൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ പങ്കെടുക്കും. അഴിമതി, സഹകരണക്കൊള്ള, വിലക്കയറ്റം, മാസപ്പടി തുടങ്ങിയ വിഷയങ്ങളിൽ സർക്കാരിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടിയാകും ഉപരോധം സംഘടിപ്പിക്കുക.
മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി സമര പരമ്പര നടക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. എല്ലാ തട്ടിപ്പിനും പിന്നിൽ മുഖ്യമന്ത്രിയാണെന്ന് വ്യക്തമായ സാഹചര്യത്തിൽ അദ്ദേഹം രാജിവെക്കണമെന്നാണ് എൻഡിഎയുടെ അഭിപ്രായം. സംസ്ഥാന സർക്കാരിന്റെ കൊടുകാര്യസ്ഥത ചൂണ്ടിക്കാട്ടി നവംബർ പത്ത് മുതൽ 30 വരെ സംസ്ഥാനത്തെ പഞ്ചായത്ത്, മേഖലാ തലങ്ങളിൽ 2,000 പ്രചരണയോഗങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സംസ്ഥാനതലത്തിൽ ജനജാഗ്രത പദയാത്ര സംഘടിപ്പിക്കും. ഡിസംബർ അവസാനം ആരംഭിച്ച് ജനുവരി മാസം നീണ്ടുനിൽക്കുന്ന തരത്തിലായിരിക്കും ജനജാഗ്രത പദയാത്ര നടക്കുകയെന്നും സുരേന്ദ്രൻ പറഞ്ഞു. എൻഡിഎയുടെ സംസ്ഥാന ശിൽപശാല നവംബർ ആറിന് ചേർത്തലയിൽ സംഘടിപ്പിക്കും. ശിൽപശാലയിൽ എല്ലാ ഘടകകക്ഷികളുടേയും ജില്ലാ-സംസ്ഥാന നേതാക്കൾ പങ്കെടുക്കും.















