ആൻഡ്രോയിഡ് ഫോണുകളെ ലക്ഷ്യം വെച്ച് നിരവധി സൈബറാക്രമണങ്ങളാണ് നടക്കാറുള്ളത്. ആപ്പ് സ്റ്റോറുകൾക്ക് പുറത്തുള്ള ആപ്പുകൾ ഉപയോഗിക്കുന്നതും പരിചിതമല്ലാത്ത ലിങ്കുകൾ തുറക്കുന്നതും സൈബർ ആക്രമണങ്ങൾക്ക് വഴി തുറന്നേക്കാം. ഇത്തരത്തിലുള്ള സ്‌പൈനെറ്റ് എന്ന ആൻഡ്രോയിഡ് ആപ്പിനെ കുറിച്ചുള്ള മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സൈബർ സുരക്ഷാ കമ്പനിയായ എഫ് സെക്വർ. എസ്എംഎസ് അഥവാ സ്മിഷിങ് ടെക്‌നിക് ഫിഷിംഗ് മുഖേനയാണ് ആപ്പ് പ്രവർത്തിക്കുന്നത്. വ്യക്തിവിവരങ്ങൾ ചോർത്തുകയെന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാകുന്ന ആപ്ലിക്കേഷൻ അല്ല ഇത്. ഉപയോക്താക്കൾ അപകടകരമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ ഈ ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ആകുന്നു. പിന്നാലെ ഫോണിന്റെ നിയന്ത്രണം കൈക്കലാക്കുന്നതുമാണ് രീതി. പ്ലേ സ്റ്റോറിലുള്ള ആപ്പ് അല്ലാത്തതിനാൽ തന്നെ ഇത് ഗൂഗിൾ പ്ലേ പ്രൊട്ടക്ട് സംവിധാനത്തിന്റെ നിരീക്ഷണ പരിധിയിൽ ഉൾപ്പെടുന്ന ഒന്നല്ല.
യാതൊരു വിധത്തിലുള്ള തെളിവുകളും ബാക്കി വെക്കാതെയാണ് സ്‌പൈനെറ്റ് ആപ്പ് ഫോണിൽ പ്രവർത്തിക്കുക. ഇതിനാൽ തന്നെ ഇവ പെട്ടെന്ന് കണ്ടെത്തുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. കൂടാതെ ആപ്പ് ഹോം സ്‌ക്രീനിലോ റീസെന്റ് ആപ്പ് ലിസ്റ്റിലോ ഒന്നും തന്നെ കാണില്ല. ഇൻസ്റ്റാൾ ചെയ്യപ്പെട്ട ഉടൻ തന്നെ ഫോണിലെ എല്ലാ ഡാറ്റയിലേക്കും ആപ്പിന് പ്രവേശനം ലഭ്യമാകുന്നു. കോൾ ലോഗുകൾ, എസ്എംഎസ്, ഇന്റേണൽ സ്‌റ്റോറേജ്, ക്യാമറ ലോഗ്, കോൾ റെക്കോർഡ് എന്നിവയെല്ലാം ആപ്പിന് ലഭ്യമാകും. ഇവ ഫോണിൽ ഒരിക്കൽ ഇൻസ്റ്റാൾ ചെയ്യുകയാണെങ്കിൽ അത് നീക്കം ചെയ്യുന്നത് വളരെ പ്രയാസകരമാണ്. ഒടുവിൽ ഇതിൽ നിന്നും രക്ഷനേടാൻ ഫോൺ മുഴുവൻ റീസെറ്റ് ചെയ്യേണ്ടതായി വരും.















