വൺപ്ലസിന്റെ ആദ്യ ഫോൾഡബിൾ ഫോൺ ഇന്ത്യൻ വിപണിയിൽ. മടക്കിവെയ്‌ക്കാനാകുന്ന ഫോണുകൾ ഇതിനോടകം തന്നെ മിക്ക കമ്പനികളും രാജ്യത്ത് അവതരിപ്പിച്ചിട്ടുണ്ട്. സാംസങ്, ഓപ്പോ, മോട്ടോറോള എന്നീ കമ്പനികൾ ഇവയിൽ പ്രധാനപ്പെട്ടതാണ്. ഇപ്പോഴിതാ ഇവയോട് മത്സരിക്കാനാണ് വൺ പ്ലസിന്റെ ഫോൾഡബിൾ ഫോൺ ആയ വൺ പ്ലസ് ഓപ്പൺ കൂടി വിപണിയിൽ അവതരിച്ചിരിക്കുന്നത്.
120 ജിഗാ ഹെർട്‌സ് റീഫ്രഷ് റേറ്റോട് കൂടിയ 6.31 ഇഞ്ച് കവർ സ്‌ക്രീനും ഇതേ റീഫ്രഷ് റേറ്റ് തന്നെയുള്ള 7.82 പ്രധാന ഡിസ്‌പ്ലേയുമാണ് ഇതിനുള്ളത്. മെയിൻ ഡിസ്‌പ്ലേക്ക് 2,800 നിറ്റ്‌സ് വരെ ബ്രൈറ്റ്‌നെസ് ഉണ്ടാകും. രണ്ട് ഡിസ്‌പ്ലേകളും എൽടിപിഒ 3 വിഭാഗത്തിൽ പെടുന്നതാണ്.
സ്‌നാപ്ഡ്രാഗൺ 8 രണ്ടാം തലമുറ പ്രോസസറും 16 ജിബി റാമും 512 ജിബി ഇന്റേണൽ സ്റ്റോറേജുമാണ് ഫോൾഡബിൾ മോഡലിന് നൽകിയിരിക്കുന്നത്. ആൻഡ്രോയിഡ് 13 അധിഷ്ഠിതമായ ഓക്‌സിജൻ ഒഎസ് 13.2-ലാണ് പ്രവർത്തനം നടക്കുക. ട്രിപ്പിൾ ക്യാമറയാണ് ഫോണിന് നൽകിയിരിക്കുന്നത്. 48 മെഗാപിക്‌സലിന്റെ പ്രധാന ക്യാമറയ്‌ക്കൊപ്പം 64 മെഗാപിക്‌സലിന്റെ ടെലിഫോട്ടോ സെൻസറും 48 മെഗാപിക്‌സലിന്റെ അൾട്രാ വൈഡ് ലെൻസും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 20 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറയ്‌ക്കൊപ്പം 32 മെഗാപിക്‌സൽ സെൽഫി സെൻസറുമുണ്ട്. 1,39,999 രൂപയാണ് വൺ പ്ലസ് ഓപ്പണിന്റെ വില. ഒക്ടോബർ 27 മുതൽ ആമസോൺ വഴിയും വൺ പ്ലസ് വെബ്‌സൈറ്റ് വഴിയും വിൽപന തുടങ്ങും.















