ബ്രസൽസ്: യൂറോപ്യൻ യൂണിയൻ ആശയ സ്വാതന്ത്ര്യത്തിനായി പോരാടുന്നവർക്കായി നൽകുന്ന സഖറോവ് പുരസ്‌കാരം ഇറാനിയൻ സ്ത്രീ അവകാശ പോരാട്ട രക്തസാക്ഷി മഹ്‌സ
അമിനിക്ക്. യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റ് റോബർട്ട മെറ്റ്‌സോളയാണ് പ്രഖ്യാപനം നടത്തിയത്. ഇസ്ലാമിക മതമൗലിക വാദത്തിനെതിരെ സ്ത്രീ അവകാശങ്ങൾ ഉയർത്തിക്കാട്ടി പ്രക്ഷോഭങ്ങൾ അരങ്ങേറാൻ മഹ്‌സ കാരണമായി. ഇതിനുള്ള ആദരമായിട്ടാണ് മരണാന്തര ബഹുമതിയായി പുരസ്‌കാരം നൽകുതെന്ന് റോബർട്ട പറഞ്ഞു.
കസ്റ്റഡിയിലായി മൂന്ന് ദിവസത്തിന് ശേഷം സെപ്റ്റംബർ 16 നാണ് 22 കാരിയായ മഹ്‌സ കൊല്ലപ്പെടുന്നത്. പൊതു സ്ഥലത്ത് ശിരോവസ്ത്രം ധരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അറസ്റ്റ്. മഹ്‌സയുടെ മരണത്തിന് പിന്നാലെ ഇറാനിയൻ തെരുവിൽ മത പോലീസിനെതിരെയും ഭരണകൂടത്തിനെതിരെയും പ്രക്ഷോഭം രൂപപ്പെടുകയും വ്യാപിക്കുകയും ചെയ്തു. പ്രക്ഷോഭത്തിൽ 19,700 പിടിയിലാകുകയും 500 ൽ അധികം പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
സോവിയറ്റ് വിമതനായിരുന്ന ആന്ദ്രേ സഖറോവിന്റെ സ്മരണാർത്ഥം യൂറോപ്യൻ യൂണിയൻ നൽകുന്ന പുരസ്‌കാരമാണ് സഖറോവ് സമാധാന പുരസ്‌കാരം. സോവിയറ്റ് ആണവായുധ പദ്ധതികൾക്ക് ചുക്കാൻ പിടിച്ച അദ്ദേഹം ആണവ നിരായൂധീകരണത്തിനായി ശബ്ദമുയർത്തി. 1975ൽ സഖറോവിന് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.















