ശാരീരികാരോഗ്യം പോലെ വളരെ പ്രധാനപ്പെട്ടതാണ് മാനസികാരോഗ്യം. നിസാര കാര്യങ്ങൾക്ക് പോലും അമിത ഉത്കണ്ഠയും ഭയവും പ്രകടിപ്പിക്കുന്ന ഒരാളെങ്കിലും നമ്മുടെ സൗഹൃദവലയങ്ങളിൽ ഉണ്ടാകും. ഒരു പക്ഷേ ആ വ്യക്തി നിങ്ങൾ തന്നെയാകാം. അമിത ഉത്കണ്ഠ ഒന്നിനും പരിഹാരമല്ലെന്ന് ആദ്യം നാം മനസ്സിലാക്കുക. പിന്നെ ഇത് എങ്ങനെ പരിഹരിക്കും? അതിന് ചില പൊടിക്കൈകൾ ഉണ്ട്. അറിയാം..
വിറ്റാമിൻ ഡി
തലച്ചോറിന്റെ പ്രവർത്തനങ്ങൾക്ക് വിറ്റാമിനുകൾ അടങ്ങിയ പോഷകാഹാരങ്ങൾ അത്യാവശ്യമാണ്. ഇതിൽ പ്രധാനമാണ് വിറ്റാമിൻ ഡി. സമ്മർദ്ദവും ഉത്കണ്ഠയും കുറച്ച് ശരീരത്തിന് ആവശ്യമായ പോഷകഘടകങ്ങൾ വിറ്റാമിൻ ഡി പ്രദാനം ചെയ്യുന്നു. അതിരാവിലെയുള്ള സൂര്യപ്രകാശം ദേഹത്ത് തട്ടുന്നത് ശരീരത്തിന് നല്ലതാണ്. ഇത് ഉന്മേഷം നൽകാനും സഹായിക്കുന്നു.
ബ്രൊക്കോളി
മലയാളികൾക്ക് ഇത് കൂടുതൽ പരിചയമില്ലെങ്കിലും ഇവ നമ്മുടെ നാടുകളിലെ ചന്തകളിലും സുലഭമായി കിട്ടുന്നതാണ്. ബ്രൊക്കോളിയിലുള്ള വിറ്റാമിൻ കെ തലച്ചോറിന്റെ പ്രവർത്തനങ്ങൾ വർദ്ധിപ്പിച്ച് സമ്മർദ്ദം കുറയ്‌ക്കുന്നു.
ഒമേഗ 3ഫാറ്റി ആസിഡ്
പേര് കേട്ട് ഭയപ്പെടേണ്ടതില്ല. ഈ വിറ്റാമിൻ മലയാളികളുടെ സ്വന്തം മത്തി, അയല, ചൂര തുടങ്ങിയ മത്സ്യങ്ങളിൽ ധാരാളം അടങ്ങിയിരിക്കുന്നു. സാൽമൺ മത്സ്യത്തിലും ഈ വിറ്റാമിൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ മത്സ്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തി കഴിക്കാം.
മഗ്നീഷ്യം
മഗ്നീഷ്യം അടങ്ങിയ ധാന്യങ്ങൾ, നട്ട്‌സുകൾ തുടങ്ങിയവ കഴിക്കുന്നത് ഉത്കണ്ഠ കുറയ്‌ക്കുന്നതിന് ഏറെ സഹായകരമാണെന്ന് പഠനങ്ങൾ പറയുന്നു.
അമിത ഉത്കണ്ഠ ആത്മഹത്യയിലേക്ക് വരെ നയിച്ചേക്കാം. സ്വയം നിയന്ത്രിക്കാൻ കഴിയാത്ത ഉത്കണ്ഠാ പ്രശ്‌നങ്ങൾ ഉള്ളവരാണ് നിങ്ങളെങ്കിൽ സൈക്കോളജിസ്റ്റുകളുടെ സഹായം തേടേണ്ടതാണ്.















