തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസുകൾ പുതുക്കി നൽകുന്നതിൽ വ്യാപക ക്രമക്കേടുകൾ. കണ്ണ് പരിശോധനയും റോഡ്‌ടെസ്റ്റും നടത്താതെയാണ് കാലാവധി കഴിഞ്ഞുള്ള ഡ്രൈവിംഗ് ലൈസൻസുകൾ മോട്ടോർ വാഹനവകുപ്പ് പുതുക്കി നൽകുന്നത്.
കാലാവധി കഴിഞ്ഞുള്ള ലൈസൻസുകൾ പുതുക്കുമ്പോൾ കണ്ണ് പരിശോധനയും റോഡ് ടെസ്റ്റും നിർബന്ധമായി നടത്തണമെന്നാണ് നിയമം. ഇത് തെറ്റിച്ച് ലൈസൻസ് പുതുക്കി നൽകിയ മൂന്ന് എം.വി.ഐ.മാരെ സസ്‌പെൻഡ് ചെയ്തു. മോട്ടോർ വാഹനവകുപ്പിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന് നിരവധി പരാതികൾ ഉയർന്നു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ സ്‌പെഷ്യൽ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്.
കോഴിക്കോട്, മലപ്പുറം, തൃശൂർ എന്നീ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. സംഭവത്തിൽ കൊടുവള്ളി സബ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസ് എം.വി.ഐ പി. പദ്മലാൽ, തീരൂരങ്ങാടി സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിലെ എം.വി.ഐ ടി. അനൂപ് മോഹൻ, ഗുരുവായൂർ സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിലെ എം.വി.ഐ എം.എ. ലാലു എന്നീ ഉദ്യോഗസ്ഥരെയാണ് സസ്‌പെൻഡ് ചെയ്തത്. ക്രമക്കേടുകൾ കണ്ടെത്തുന്നതിൽ കൂടുതൽ അന്വേഷണങ്ങൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.















