ന്യൂഡൽഹി : കേന്ദ്രസർക്കാരിന്റെ നിരോധന ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് പോപ്പുലർ ഫ്രണ്ട് . തങ്ങളെയും അതിന്റെ അനുബന്ധ സംഘടനകളെയും നിയമവിരുദ്ധ സംഘടനകളായി പ്രഖ്യാപിച്ച് , നിരോധിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിനെതിരെയാണ് പോപ്പുലർ ഫ്രണ്ട് സുപ്രീം കോടതിയെ സമീപിച്ചത് .
കേന്ദ്രസർക്കാരിന്റെ നിരോധനം ശരിവച്ച യുഎപിഎ ട്രൈബ്യൂണലിനെതിരെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സമർപ്പിച്ച സ്‌പെഷ്യൽ ലീവ് പെറ്റീഷൻ ജസ്റ്റിസ് അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് ഇന്ന് പരിഗണിക്കാനിരുന്നതാണ് . എന്നാൽ, മാറ്റിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയ സാഹചര്യത്തിൽ വാദം കേൾക്കുന്നത് തൽക്കാലം മാറ്റിവച്ചിരിക്കുകയാണ്.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയേയും, അതുമായി ബന്ധപ്പെട്ട മറ്റ് പല സംഘടനകളെയും ‘നിയമവിരുദ്ധമായ സംഘടനകൾ ‘ ആയി പ്രഖ്യാപിച്ചുകൊണ്ടുള്ള ഗസറ്റ് വിജ്ഞാപനം കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ആഭ്യന്തര മന്ത്രാലയം പ്രസിദ്ധീകരിച്ചത് . പോപ്പുലർ ഫ്രണ്ടിന്റെ തീവ്രവാദ സംഘടനകളുമായുള്ള ബന്ധവും ഭീകര പ്രവർത്തനങ്ങളിലെ പങ്കാളിത്തവും വ്യക്തമായതിന് പിന്നാലെയായിരുന്നു നടപടി .
റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർഐഎഫ്), കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്ഐ), ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ (എഐഐസി), നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ (എൻസിഎച്ച്ആർഒ), നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ എന്നിവയേയും നിയമവിരുദ്ധ സംഘടനകളായി പ്രഖ്യാപിച്ചിരുന്നു.