ദൈനംദിന പ്രവർത്തനങ്ങളിൽ സാങ്കേതികവിദ്യകൾ കൂടുതൽ പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് ആമസോൺ. ഇപ്പോഴിതാ യുഎസിലെ സംഭരണ ശാലകളിൽ ഹ്യൂമനോയിഡ് റോബോട്ടുകളെ പരീക്ഷിച്ചിരിക്കുകയാണ് കമ്പനി. ഡിജിറ്റ് എന്ന് പേര് നൽകിയിരിക്കുന്ന റോബോട്ട് നിലവിൽ പരീക്ഷണ ഘട്ടത്തിലാണെന്ന് കമ്പനി അറിയിച്ചു. കൈകളും കാലുകളുമുള്ള ഈ റോബോട്ട് നിരവധി കാര്യങ്ങൾ ഉത്തരവാദിത്തത്തോടെ ചെയ്ത് തീർക്കും. പാക്കേജുകൾ, കണ്ടെയ്‌നറുകൾ, വസ്തുക്കൾ, ഉപയോക്താക്കളുടെ ഓർഡറുകൾ എന്നിവ സ്വീകരിക്കുന്നതിനും മാറ്റിവെക്കുന്നതിനുമുള്ള കഴിവ് റോബോട്ടിനുണ്ട്.
ആമസോണിന്റെ പുതിയ നീക്കത്തിനെതിരെ ജീവനക്കാരിൽ നിന്നും വ്യാപക വിമർശനമാണ് ഉയരുന്നത്. കാലങ്ങളായി ജീവനക്കാരെ ഒരു റോബോട്ടിന് സമമായാണ് ആമസോൺ കണ്ടിരുന്നതെന്നാണ് ട്രേഡ് യൂണിയന്റെ ആരോപണം. എന്നാൽ റോബോട്ടിക് സംവിധാനങ്ങൾ ആയിരക്കണക്കിന് പുതിയ ജോലികൾ സൃഷ്ടിക്കാൻ സഹായിക്കുമെന്നാണ് ആമസോണിന്റെ വാദം. റോബോട്ടിക് സംവിധാനം പ്രഖ്യാപിച്ചതോടെ വിവിധ മേഖലകളിലായി 700-ഓളം ജോലികൾ രൂപപ്പെട്ടിട്ടുണ്ടെന്ന് ആമസോൺ പറയുന്നു.
നിലവിൽ 7,50,000 റോബോട്ടുകളാണ് കമ്പനിയിൽ പ്രവർത്തിക്കുന്നത്. ആവർത്തിച്ചുകൊണ്ടിരിക്കുന്ന ജോലികളിലേക്കാണ് ഇവയെ അധികവും ഉപയോഗിക്കുന്നത്. എന്നാൽ മനുഷ്യർ ചെയ്യുന്നതുപോലെ മറ്റൊന്നിനും പകരം ചെയ്യാനാകില്ലെന്ന് ചീഫ് ടെക്‌നോളജിസ്റ്റ് ടൈ ബ്രാഡി പറഞ്ഞു. പൂർണമായും ഓട്ടോമേഷനിലേക്ക് മാറുന്നത് ഒരിക്കലും യാഥാർത്ഥ്യമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ഡിജിറ്റ് റോബോട്ടുകളെ സംഭരണ ശാലകളിൽ വിന്യസിച്ചിട്ടുള്ളത്. മനുഷ്യർക്കൊപ്പം ജോലി ചെയ്യുന്നതിനുള്ള കഴിവ് പരിശോധിക്കുന്നതിന് വേണ്ടിയാണ് പുതിയ നീക്കം.















