ഗാസിയാബാദ് : ജയ് ശ്രീറാം മുഴക്കിയ വിദ്യാർത്ഥിയെ സ്റ്റേജിൽ നിന്ന് പുറത്താക്കിയ സംഭവം വിവാദമാകുന്നു . ഉത്തർപ്രദേശിലെ ഗാസിയാബാദിലെ എബിഇഎസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ വിദ്യാർത്ഥിയാണ് കോളേജിലെ സാംസ്‌കാരികോത്സവത്തിനിടെ ജയ് ശ്രീറാം മുഴക്കിയത് . എന്നാൽ ഇത് കേട്ട അസിസ്റ്റന്റ് പ്രൊഫസർ വിദ്യാർത്ഥിയെ ശകാരിക്കുക മാത്രമല്ല, സ്റ്റേജിൽ നിന്ന് ഇറക്കിവിടുകയും ചെയ്തു.
പ്രൊഫസർ മംമ്ത ഗൗതമിനെതിരെയാണ് പരാതി. പ്രൊഫസർ വിദ്യാർത്ഥിയോട് ആക്രോശിക്കുന്ന വീഡിയോ ഇന്റർനെറ്റിൽ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. “എന്തിനാണ് നിങ്ങൾ ജയ് ശ്രീറാം എന്ന മുദ്രാവാക്യം ഉയർത്തിയത്? ഇത് ഉപയോഗശൂന്യമായ കാര്യങ്ങളാണ്. ഇതിനാണോ കോളേജിൽ വരുന്നത്? ഇതൊരു സാംസ്കാരിക പരിപാടിയാണ്. ഇത് അനുവദിക്കാനാവില്ല. പുറത്തുപോകണം.”- വീഡിയോയിൽ മംമ്ത പറയുന്നത് കേൾക്കാം.കോളേജ് കൾച്ചറൽ ഫെസ്റ്റിൽ പരിപാടി അവതരിപ്പിക്കാനിരിക്കുകയായിരുന്നു വിദ്യാർഥി.
അതേസമയം, സദസ്സിന്റെ ‘ജയ് ശ്രീറാം’ വിളിയോട് പ്രതികരിക്കുക മാത്രമാണ് താൻ ചെയ്തതെന്ന് വിദ്യാർത്ഥി പറഞ്ഞു. വിദ്യാർത്ഥി സ്റ്റേജിൽ എത്തിയപ്പോൾ, സദസിൽ ഇരുന്ന മറ്റ് കോളേജ് വിദ്യാർത്ഥികളിൽ ഒരാൾ “ജയ് ശ്രീറാം” എന്ന് പറഞ്ഞതോടെ താനും “ജയ് ശ്രീ റാം” എന്ന് പറഞ്ഞുകൊണ്ട് അഭിവാദ്യം ചെയ്യുകയായിരുന്നുവെന്ന് വിദ്യാർത്ഥി പറഞ്ഞു .
വീഡിയോ വൈറലായതോടെ വനിതാ പ്രൊഫസർക്കെതിരെ നടപടി വേണമെന്ന് ആവശ്യം ഉയർന്നിരുന്നു. ഇതിന് പിന്നാലെ ഗാസിയാബാദ് പോലീസ് കമ്മീഷണർ പ്രതികരണവുമായി രംഗത്തെത്തി. വിഷയം അന്വേഷിച്ച് ഉചിതമായ നടപടിയെടുക്കാൻ പ്രത്യേക ഉദ്യോഗസ്ഥനെ .ചുമതലപ്പെടുത്തിയതായും കമ്മീഷണർ പറഞ്ഞു.















