ബെംഗളൂരു: ഏകദിന ലോകകപ്പ് മത്സരത്തിൽ പാകിസ്താനെ 62 റൺസിന് തോൽപ്പിച്ച് ഓസീസ്. ഇന്ത്യയിൽ നിന്നേറ്റ ക്ഷീണം മാറുന്നതിന് മുൻപ് പാകിസ്താന് വമ്പൻ തിരച്ചടിയാണ് ഓസ്‌ട്രേലിയ നൽകിയത്. രണ്ട് കളികൾ തോറ്റെങ്കിലും അടുത്തടുത്ത് ജയിച്ച് ഓസ്‌ട്രേലിയ ലോകകപ്പിൽ സാന്നിധ്യം അറിയിച്ചു. ഈ ജയത്തോടെ ഓസ്‌ട്രേലിയ നാലാം സ്ഥാനത്തേക്ക് എത്തി. നാലു മത്സരങ്ങളിൽനിന്ന് നാലു പോയിന്റാണ് ഓസ്‌ട്രേലിയ നേടിയത്. പാകിസ്താനും സമാനമായ പേയിന്റാണെങ്കിലും റൺറേറ്റ് അടിസ്ഥാനത്തിൽ അഞ്ചാം സ്ഥാനത്താണ്. ടോസ് നേടിയ പാകിസ്താൻ ഓസ്ട്രേലിയക്ക് ബാറ്റിംഗ് നൽകുകയായിരുന്നു.
368 റൺസ് എന്ന ഓസീസ് ഉയർത്തിയ വിജയലക്ഷ്യം പിന്തുടർന്നെങ്കിലും 45.3 ഓവറിൽ 305 റൺസിന് പാകിസ്താൻ പൊരുതിവീണു. നാല് വിക്കറ്റ് വീഴ്‌ത്തിയ സ്പിന്നർ ആദം സാംപ, രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തിയ മാർകസ് സ്റ്റോയ്‌നിസ്, ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് എന്നിവരാണ് പാകിസ്താനെ തകർത്തത്. പാക്കിസ്ഥാനായി ഓപ്പണർമാരായ അബ്ദുല്ല ഷഫീഖ് 64 (61), ഇമാം ഉൾ ഹഖ് 70 (71), മുഹമ്മദ് റിസ്വാൻ 44 (40) എന്നിവർ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ലക്ഷ്യം എത്തിപ്പിടിക്കാനായില്ല.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസീസ് ഉയർത്തിയത് 367 റൺസാണ്. ആദ്യ ഓവറുകളിൽ തന്നെ പാക് ബൗളർ നിരയെ നിലംപരിശാക്കുന്ന പ്രകടനമായിരുന്നു ഒാസ്‌ട്രേലിയയുടേത്. ഓപ്പണർമാരായ ഡേവിഡ് വാർണറുടെയും മിച്ചൽ മാർഷിന്റെയും സെഞ്ചറിയുടെ കരുത്തിലാണ് ഒൻപതു വിക്കറ്റ് നഷ്ടത്തിൽ ഓസീസ് റൺമല തീർത്തത്. 124 പന്തുകളിൽ നിന്നായി ഡേവിഡ് വാർണർ 163 റൺസെടുത്ത് പുറത്തായി. 108 പന്തിൽ നിന്നും 121 റൺസാണ് മിച്ചൽ മാർഷ് സ്വന്തമാക്കിയത്.
ഓപ്പണിംഗ് വിക്കറ്റിൽ വാർണറും മാർഷും ചേർന്ന് 259 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 12.3 ഓവറിൽ ഓസീസ് 100 പിന്നിട്ടു. വാർണർ 85 പന്തുകളിൽനിന്നും മാർഷ് 100 പന്തുകളിലും സെഞ്ചറി പൂർത്തിയാക്കി. 30 ഓവർ വരെ ഓസീസ് പാക് ബൗളിംഗ് നിരയെ തീർത്തടിച്ചു. ആദ്യ വിക്കറ്റ് വീഴ്‌ത്തിയത് പേസർ ഷഹീൻ ഷാ അഫ്രീദിയായിരുന്നു.
ഓസീസിന്റെ മദ്ധ്യനിരയും വാലറ്റവും ബാറ്റിംഗിൽ ശോഭിക്കാതിരുന്നത് തിരിച്ചതിയായി. ഹാരിസ് റൗഫിന്റെ പന്തിൽ ശതാബ് ഖാൻ ക്യാച്ചെടുത്താണ് ഡേവിഡ് വാർണറെ കൂടാരം കയറ്റിയത്. മാർകസ് സ്റ്റോയ്‌നിസ് (21), ജോഷ് ഇംഗ്ലിസ് (13), മാർനസ് ലബുഷെയ്ൻ (എട്ട്), സ്റ്റീവ് സ്മിത്ത് (ഏഴ്), മിച്ചൽ സ്റ്റാർക്ക് (രണ്ട്) പുറത്തായ മറ്റ് ഓസീസ് താരങ്ങളുടെ സ്‌കോറുകൾ എന്നിങ്ങനെയാണ്. ഷഹീൻ അഫ്രീദിയുടെ അഞ്ചുവിക്കറ്റ് പ്രകടനമാണ് ഓസ്‌ട്രേലിയയുടെ മദ്ധ്യനിരയ്‌ക്ക് വിനയായത്. ഹാരിസ് റൗഫ് മൂന്നും ഉസാമ മിർ ഒന്നും വിക്കറ്റ് വീതം വീഴ്‌ത്തി.