ഡെറാഡൂൺ ; വനത്തിനുള്ളിൽ രഹസ്യമായി സ്ഥാപിച്ച പത്തോളം അനധികൃത മസ്ജിദുകളും , മദ്രസകളും ബുൾഡോസർ കൊണ്ട് തകർത്ത് പോലീസ് . ഡെറാഡൂണിലെ ഭക്‌റ റേഞ്ചിലെ ഭുദ ഖട്ട പ്രദേശത്താണ് മുസ്ലീം ഗുജ്ജറുകൾ അനധികൃതമായി മദ്രസയും പള്ളികളും സ്ഥാപിച്ചത് . തകരം മേഞ്ഞ കുടിലുകളുടെ മാതൃകയിലായിരുന്നു മദ്രസകൾ .
വനംവകുപ്പ് പോലീസിന്റെ സഹായത്തോടെ ഇവ പൊളിച്ചുനീക്കുകയും സമീപത്തെ മറ്റ് കൈയേറ്റങ്ങൾ ഒഴിപ്പിക്കുകയും ചെയ്തു. പ്രതിഷേധ സൂചകമായി മുസ്ലീം ഗുജ്ജറുകൾ ഫോറസ്റ്റ് റേഞ്ചറെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ഫോറസ്റ്റ് പ്രൊട്ടക്ഷൻ ഫോഴ്സും ഒപ്പമുണ്ടായിരുന്ന പോലീസ് സേനയും സമരക്കാരെ തുരത്തി.
മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുടെ കർശന നിർദ്ദേശപ്രകാരം വനംവകുപ്പ് സംഘം വനത്തിനുള്ളിൽ പ്രവേശിച്ചാണ് നടപടികൾ എടുത്തത് . 13 ഹെക്ടറോളം വനഭൂമിയാണ് ബുൾഡോസറുകൾ വഴി കൈയേറ്റത്തിൽ നിന്ന് മോചിപ്പിച്ചത്. രഹസ്യാന്വേഷണ വിഭാഗമാണ് ഇത്തരം പള്ളികളെ കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിനെ വിവരമറിയിച്ചത് . തുടർന്ന് കർശന നടപടിയെടുക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറി രാധാ റാതുരി, നോഡൽ ഓഫീസർ ഡോ. പരാഗ് ധാക്കേറ്റ് എന്നിവർക്ക് ധാമി നിർദേശം നൽകി.
ബിലാസ്പൂർ, റാംപൂർ, മൊറാദാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള മൗലവികൾ ഈ മദ്രസകളിലും പള്ളികളിലും മതപാഠങ്ങൾ പ്രസംഗിക്കാറുണ്ടെന്നും കണ്ടെത്തി.















