ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായി ഇസ്രോ ടിവി-ഡി1 വിക്ഷേപണം വിജയകരമാക്കിയപ്പോൾ നിർണായക പങ്കുവഹിച്ചത് അനന്ത് ടെക്നോളജീസാണ്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എയറോസ്‌പേസ് സൊല്യൂഷൻസ് കമ്പനിയാണ് അനന്ത് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്. ഗഗൻയാൻ ദൗത്യത്തിന്റെ ടെസ്റ്റ് വെഹിക്കിൾ ഡി-1-ന് വേണ്ടി നിരവധി മിഷൻ ക്രിട്ടിക്കൽ സിസ്റ്റങ്ങൾ കമ്പനി നൽകിയിട്ടുണ്ട്.
ഓൺബോർഡ് കമ്പ്യൂട്ടറിൽ നിന്നും വിവിധ ഘട്ടങ്ങളിലേക്കുള്ള കമാൻഡുകൾ പ്രോസസ് ചെയ്യുന്നതിനുള്ള സ്‌റ്റേജ് പ്രോസസിംഗ് സിസ്റ്റം ഇതിൽ പ്രധാനപ്പെട്ടതാണ്. ഓൺബോർഡ് കമ്പ്യൂട്ടർ ജനറേറ്റ് ചെയ്യുന്ന കമാൻഡുകൾ നടപ്പിലാക്കുന്നതിനുള്ള കമാൻഡ് എക്‌സിക്യൂട്ടീവ് മൊഡ്യൂളും മറ്റ് സെൻസറുകളിൽ നിന്നുള്ള താപനിലയും വിവരങ്ങളും നിരീക്ഷിക്കുന്നതിനുള്ള ഡാറ്റ അക്വസിഷൻ യൂണിറ്റ് നിർമ്മിക്കുന്നതിലും
സ്ഥാപനം നിർണായക പങ്കുവഹിച്ചു.
വിവിധ മൊഡ്യൂളുകളിൽ പവർ എത്തിക്കുന്നതിനായി മിനി പവർ മൊഡ്യൂളുകളും വാഹനത്തിന്റെ സഞ്ചാരഗതി നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ആവശ്യമായ അഡ്വാൻസ് ഇനേർഷ്യൽ നാവിഗേഷൻ സിസ്റ്റം കൺട്രോൾ ഇലക്ട്രോണിക്‌സ് എന്നിവ നിർമ്മിക്കുന്നതിലും നിർണായക പങ്കുവഹിച്ചു. ഇന്ന് രാവിലെയാണ് ഐഎസ്ആർഒയുടെ സ്വപ്‌നദൗത്യം ഗഗൻയാന്റെ ആദ്യ പരീക്ഷണം നടന്നത്. ആദ്യ ഘട്ടങ്ങളിൽ ചെറിയ പ്രതിസന്ധി നേരിട്ടെങ്കിലും ദൗത്യം വിജയകരമായി തന്നെ ഐഎസ്ആർഒ പൂർത്തിയാക്കി.















