ധർമ്മശാല; ടൂർണമെന്റിലെ ആദ്യ രണ്ടുപേരുകാർ പോരടിക്കുന്ന മത്സരത്തിൽ ന്യൂസിലാൻഡിന്റെ തുടക്കം തകർച്ചയോടെ. ഇരു ഓപ്പണർമാരെയും കൂടാരം കയറ്റി മികച്ച തുടക്കമാണ് പേസർമാർ ഇന്ത്യക്ക് നൽകിയത്. ഡെവൺ കോൺവേയെ സിറാജ് അയ്യറുടെ കൈകളിലെത്തിച്ചപ്പോൾ വിൽ യങിന്റെ കുറ്റി തെറിപ്പിച്ചാണ് ഷമി ഇന്ത്യക്ക് രണ്ടാം വിക്കറ്റ് സമ്മാനിച്ചത്. ടോസ് നേടിയ ഇന്ത്യ ന്യൂസിലൻഡിനെ ബാറ്റിംഗിന് വിടുകയായിരുന്നു. 11 ഓവറിൽ 40 റൺസെന്ന നിലയിലാണ് കിവീസ്.
ഒൻപത് പന്തിൽ റണ്ണൊന്നും എടുക്കാതെയായിരുന്നു കോൺവേയുടെ മടക്കം. 27 പന്തിൽ മൂന്ന് ബൗണ്ടറിയടക്കം 17 റൺസുമായി ഇന്നിംഗ് മെല്ലെ മുന്നോട്ട് നീക്കുമ്പോഴാണ് യങിനെ ഷമി കൂടാരം കയറ്റിയത്.
12 റൺസുമായി രവീന്ദ്രയും 7 റൺസുമായി ഡാരൽ മിച്ചലുമാണ് ക്രീസിൽ. ഇന്നും നായകൻ കെയ്ൻ വില്യംസൺ കളിക്കുന്നില്ല. ഇന്ത്യൻ നിരയിൽ പരിക്കിന്റെ പിടിയിലായ ഹാർദിക്കിന് പകരം സൂര്യകുമാറും ഷർദൂൽ താക്കൂറിന് പകരം ഷമിയും ആദ്യ ഇലവനിലെത്തി.















