ധർമ്മശാല: ലോകകപ്പിലെ തന്റെ ആദ്യ മത്സരത്തിൽ തന്നെ ഒരു റെക്കോർഡുമായാണ് ഷമി തുടക്കമിട്ടത്. എറിഞ്ഞ ആദ്യ പന്തിൽ ന്യൂസിലൻഡ് ഓപ്പണർ യങിന്റെ കുറ്റി തെറിപ്പിച്ച ഷമി ലോകകപ്പിലെ ഇന്ത്യൻ ബൗളർമാരിലെ വിക്കറ്റ് വേട്ടക്കാരിൽ മൂന്നാം സ്ഥാനക്കാരനുമായി. ഇന്ത്യൻ ഇതിഹാസ സ്പിന്നർ അനിൽ കുംബ്ലെയെ ആണ് ഈ 33-കാരൻ മറികടന്നത്.
ഈ ലിസ്റ്റിൽ 44 വിക്കറ്റുമായി ആദ്യ രണ്ടു സ്ഥാനങ്ങളിൽ ഉള്ളത് ലോകകപ്പ് ജേതാവ് സഹീർഖാനും ജവഗൽ ശ്രീനാഥുമാണ്. 31 വിക്കറ്റാണ് കുംബ്ലെ നേടിയത്. 2019 ലോകകപ്പിൽ 4 മത്സരം കളിച്ച ഷമി 14 വിക്കറ്റുമായി ആ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന രണ്ടാം ഇന്ത്യക്കാരനായിരുന്നു.
ഷമിയുടെ ട്രേഡ് മാർക്ക് പന്തിലാണ് യങിന്റെ വിക്കറ്റ് തെറിച്ചത്. ഓഫ് സ്റ്റമ്പിന് പുറത്തുകൂടി വന്ന ഒരു ഷോർട്ട് ലെംഗ്ത് ഡെലിവറിയാണ് യങിന്റെ ബാറ്റിലുരസി വിക്കറ്റ് തെറിപ്പിച്ചത്.ഹാർദിക് പാണ്ഡ്യക്ക് പരിക്കേറ്റതിനെ തുടർന്നാണ് ഷമി അവസാന ഇലവനിൽ ഇടംപിടിച്ചത്.