കോട്ടയം: ഈരാറ്റുപേട്ടയിൽ പാലസ്തീൻ ഐക്യദാർഢ്യ റാലി നടത്തിയവർക്കെതിരെ കേസെടുത്ത് പോലീസ്. പുത്തൻപ്പള്ളി ഇമാമും നഗരസഭ വൈസ് ചെയർമാനും ഉൾപ്പെടെ 20 പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. പ്രദേശത്ത് ഗതാഗത തടസ്സം സൃഷ്ടിച്ചെന്ന് പോലീസ് അറിയിച്ചു. ഈരാറ്റുപേട്ടയിൽ ഭീകരവാദ പ്രവർത്തനമുണ്ടെന്ന എസ്പിയുടെ റിപ്പോർട്ടിന് പിന്നാലെയാണ് ഈ നടപടി.
ഈരാറ്റുപേട്ട പോലീസ് സ്റ്റേഷന്റെ സമീപത്തുള്ള ഭൂമിയിൽ റവന്യൂ ടവർ നിർമ്മിക്കുന്നതിനെതിരെ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐപിഎസ് സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിലാണ് ഈരാറ്റുപേട്ട പ്രദേശത്തെ ഭീകരവാദ പ്രശ്നങ്ങളെ സംബന്ധിച്ച പരാമർശം ഉണ്ടായിരുന്നത്. ഈരാറ്റുപേട്ടയിൽ മതപരമായ പ്രശ്‌നങ്ങൾ, തീവ്രവാദ പ്രശ്‌നങ്ങൾ, ക്രമസമാധാന പ്രശ്‌നങ്ങൾ എന്നിവ നിലനിൽക്കുന്നുണ്ടെന്ന് എസ്പി റിപ്പോർട്ടിൽ പറയുന്നു.
പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇടപെടണമെന്ന് ആവശ്യപ്പെട്ടും, അന്വേഷണം ആവശ്യപ്പെട്ടും ബിജെപി പരാതി നൽകിയിരുന്നു. കോട്ടയം, ഇടുക്കി ജില്ലകളിൽ ശക്തി പ്രാപിക്കുന്ന രാജ്യ വിരുദ്ധ ശക്തികളുടെ പ്രവർത്തനങ്ങൾ പരിശോധിക്കണമെന്നും അടിയന്തരമായി കേന്ദ്ര ഇടപെടൽ വേണം എന്നുമാവശ്യപ്പെട്ടാണ് ബിജെപി മദ്ധ്യമേഖല അദ്ധ്യക്ഷൻ എൻ. ഹരി അമിത്ഷായ്‌ക്ക് കത്തയച്ചത്.















