ധർമ്മശാല; ചേസിംഗിൽ നാ താണ്ടാ…കിംഗ്..! ഒരിക്കൽ കൂടി ഇക്കാര്യം വിരാട് കോലി തെളിയിച്ചപ്പോൾ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് നാലുവിക്കറ്റ് വിജയം. കിവീസ് ഉയർത്തിയ 273 റൺസ് വിജയലക്ഷ്യം രണ്ടോവർ ബാക്കി നിൽക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. ഐസിസി ടൂർണമെന്റിൽ 20 വർഷത്തിന് ശേഷമാണ് ന്യൂസിലൻഡിനെ ഇന്ത്യ പരാജയപ്പെടുത്തുന്നത്. ഈ വിജയത്തോടെ ഇന്ത്യ ന്യൂസിലൻഡിനെ താഴയിറക്കി ഒന്നാം സ്ഥാനത്തേക്ക് കയറി.
സെഞ്ച്വറിക്ക് അഞ്ചു റൺസകലെ കോലി വീണെങ്കിലും അപ്പോഴേക്കും ഇന്ത്യ വിജയ തീരമണഞ്ഞിരുന്നു. 104 പന്തിൽ 8 ബൗണ്ടറിയും 2 സിക്സുമടക്കമാണ് താരത്തിന്റെ ഇന്നിംഗ്സ്. മാറ്റ് ഹെൻട്രിയുടെ പന്തിൽ സിക്സിന് ശ്രമിച്ച കോലിയുടെ ഷോട്ട് ഗ്ലെൻ ഫിലിപ്പിന്റെ കൈകളിൽ അവസാനിക്കുകയായിരുന്നു.44 പന്തിൽ 39 റൺസുമായി പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജയാണ് വിജയ റൺ കുറിച്ചത്.
പതിവ് പോലെ രോഹിത് ശർമ്മ-ശുഭ്മാൻ ഗിൽ സഖ്യം ഇന്ത്യക്ക് നൽകിയത് മികച്ച തുടക്കമാണ് . ഇരുവരും ചേർന്ന് 71 റൺസിന്റെ കൂട്ടുകെട്ടാണ് ആദ്യ വിക്കറ്റിൽ ചേർത്തത്. എന്നാൽ ഹാഫ് സെഞ്ച്വറിക്ക് നാലു റൺസകലെ രോഹിതിനെ ഫെർഗൂസൺ ക്ലീൻ ബൗൾഡാക്കി 13-ാം ഓവറിൽ ഗില്ലും ഫെർഗൂസണ് വിക്കറ്റ് നൽകി 26 റൺസോടെ കൂടാരം കയറി. 4 വീതം ബൗണ്ടറിയും സിക്സും അടങ്ങുന്നതായിരുന്നു ഹിറ്റ്മാന്റെ ഇന്നിംഗ്സ്. പിന്നാലെ വന്ന ശ്രേയസ് അയ്യർ തകർത്തടിച്ചതോടെ ഇന്ത്യ 15 ഓവറിൽ നൂറ് കടന്നു.
തുടർന്ന് കനത്ത മഞ്ഞു വീഴ്ചയെ തുടർന്ന് മത്സരം താത്കാലികമായി നിർത്തിയെങ്കിലും വീണ്ടും ആരംഭിച്ചു.ശ്രേയസ് അയ്യർ 29 പന്തിൽ 33, കെ.എൽ രാഹുൽ 35 പന്തിൽ 27 റൺസും നേടി. രണ്ട് റൺസെടുത്ത സൂര്യ നിർഭാഗ്യകരമായി റണ്ണൗട്ടാകുകയായിരുന്നു. മത്സരം അവസാനിക്കുമ്പോൾ ഒരു റൺസുമായി ഷമിയാണ് ജഡേജയ്‌ക്കൊപ്പം ക്രീസിലുണ്ടായിരുന്നത്.ന്യൂസിലൻഡിനായി ലോക്കി ഫെർഗൂസൺ രണ്ട് വിക്കറ്റ് വീഴ്‌ത്തി. ട്രെൻഡ് ബോൾട്ട്, മാറ്റ് ഹെന്റി, മിച്ചൽ സാന്റ്നർ എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.