മലയാളക്കരയ്‌ക്ക് ഒരിക്കലും മറക്കാനാവാത്ത ദൃശ്യാനുഭവം പകർന്ന സിനിമയാണ് യോദ്ധ. ചിത്രത്തിലെ നേപ്പാളുകാരനായ ഉണ്ണിക്കുട്ടൻ നമ്മുടെയെല്ലാം ഹൃദയത്തിലാണ് ഇടം നേടിയത്. മലയാളത്തിന്റെ സ്വന്തം ലാലേട്ടൻ അശോകനായും ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാർ അരിശിമൂട്ടിൽ അപ്പുക്കുട്ടനായും ചിത്രത്തിൽ എത്തിയപ്പോൾ ചിരിയുടെ മാലപ്പടക്കമാണ് പ്രേക്ഷകർക്കായി സമ്മാനിച്ചത്. യോദ്ധയിലെ ഓരോ കഥാപാത്രങ്ങളും മായാതെ മലയാളികളുടെ മനസ്സിൽ നിൽക്കുമ്പോൾ ലാലേട്ടൻ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങൾ ഏറ്റെടുത്തിയിരിക്കുന്നത്.
‘ പഴയ അശോകേട്ടനും പുതിയ ഉണ്ണിക്കുട്ടനും’ എന്ന അടിക്കുറിപ്പോടെയാണ് മോഹൻലാൽ പ്രേക്ഷകർക്കായി ചിത്രം പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ നേപ്പാൾ സന്ദർശനത്തിനിടെ പകർത്തിയ ചിത്രമാണിത്. പഴയ ഉണ്ണിക്കുട്ടനെ അനുസ്മരിക്കും വിധമാണ് മോഹൻലാലിന്റെ കൂടെ ഇരിക്കുന്ന പുതിയ ഉണ്ണിക്കുട്ടന്റെ ചിത്രങ്ങൾ. സിദ്ധാർഥ് ലാമയാണ് അന്ന് ചിത്രത്തിൽ ഉണ്ണിക്കുട്ടനായി വേഷമിട്ടത്. റിംപോച്ചെയെന്നായിരുന്നു കഥാപാത്രത്തിന്റെ പേര്.
കേരളത്തിൽ നിന്നും നേപ്പാളിലെത്തുന്ന അശോകനും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളും പിന്നീട് അവിടുത്തെ ഗോത്രത്തിന്റെ രക്ഷകനാകുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. 1992-ലാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. കാലങ്ങൾ പിന്നിടുമ്പോൾ താരം പങ്കുവെച്ച പുതിയ ചിത്രം യോദ്ധാ 2-ന്റെ സൂചനകളാണോയെന്നുമുള്ള ചർച്ചയിലാണ് ആരാധകർ.