ടെൽഅവീവ്: ഗാസ വിടുന്നതിൽ നിന്ന് അമേരിക്കൻ പൗരന്മാരെ ഹമാസ് തടയുന്നുവെന്ന് യുഎസ്. ഗാസയിൽ കുടുങ്ങിക്കിടക്കുന്ന അമേരിക്കൻ പൗരന്മാരോട് ഹമാസ് കാണിക്കുന്നത് തികച്ചും അവഗണനയാണെന്നും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അടുത്തിടെ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.
ഒക്ടോബർ 7-ന് ഇസ്രായേലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണങ്ങളിൽ 200 ഓളം പേരെയാണ് ഭീകരർ തട്ടി കൊണ്ടുപോയി ബന്ദികളാക്കിയത്. അതിൽ ഉൾപ്പെട്ട രണ്ട് യുഎസ് പൗരന്മാരെ ഹമാസ് കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നു. യുദ്ധത്തിൽ തകർന്ന ഗാസയിലേക്ക് ഈജിപ്തിൽ നിന്ന് സഹായ ട്രക്കുകൾ എത്തിയിരുന്നു. ഗാസയിലെ ജനങ്ങളുടെ ക്ഷേമത്തിനായി സഹായം എത്തിക്കുന്നതിന് റഫ ക്രോസിംഗ് തുറന്നിടാൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അഭ്യർത്ഥിച്ചിരുന്നു.
ഈജിപ്തിനും ഗാസ മുനമ്പിനും ഇടയിലുള്ള ഏക ക്രോസിംഗ് പോയിന്റാണ് റഫ ബോർഡർ. 1979 ലെ ഈജിപ്ത്-ഇസ്രായേൽ സമാധാന ഉടമ്പടി അംഗീകരിച്ച ഗാസ-ഈജിപ്ത് അതിർത്തിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്.















