ട്വിറ്റർ ഏറ്റെടുത്തത് മുതൽ വാർത്തകളിൽ തരംഗമാണ് ശതകോടീശ്വരൻ ഇലോൺ മസ്‌ക്. ട്വിറ്ററിൽ വരുത്തിയ പരിഷ്‌കാരങ്ങളും ഇതുസംബന്ധിച്ച് അദ്ദേഹം നടത്തുന്ന പ്രസ്താവനകളുമാണ് മസ്‌കിനെ ഇന്റർനെറ്റ് ലോകത്ത് ചർച്ചാവിഷയമാക്കുന്നത്. സ്പേസ് എക്സിന്റെയും ടെസ്ലയുടെയും സ്ഥാപകനായ മസ്‌ക്, തന്റെ ഉടമസ്ഥതയിലുള്ള ട്വിറ്ററിൽ (എക്‌സ്) പതിവായി പോസ്റ്റുകളും ഇടാറുണ്ട്. ദ്വയാർത്ഥ പ്രയോഗങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ട്വീറ്റുകൾ വലിയ വിമർശനങ്ങൾക്കും വിധേയമാകാറുണ്ട്. അത്തരത്തിലൊരു പ്രസ്താവനയാണ് അദ്ദേഹം കഴിഞ്ഞ ദിവസവും നടത്തിയിരിക്കുന്നത്.
വിക്കിപീഡിയ അവരുടെ പേര് മാറ്റാൻ തയ്യാറായാൽ ഒരു ബില്യൺ ഡോളർ നൽകാമെന്ന വാഗ്ദാനമാണ് മസ്‌കിന്റെ പുതിയ പോസ്റ്റ്. ‘ഡിക്കിപീഡിയ’ എന്ന് പുനർനാമകരണം ചെയ്യണമെന്നാണ് മസ്‌കിന്റെ ആവശ്യം. പുതിയ പേര് ഒരു വർഷമെങ്കിലും മാറ്റരുതെന്നും മസ്‌ക് പറഞ്ഞു. 9.9 ദശലക്ഷം പേരിലേക്കെത്തിയ ട്വീറ്റ് ഒരു ലക്ഷത്തിലധികം ലൈക്കുകളായിരുന്നു നേടിയത്.
I will give them a billion dollars if they change their name to Dickipedia https://t.co/wxoHQdRICy
— Elon Musk (@elonmusk) October 22, 2023
Have you ever wondered why the Wikimedia Foundation wants so much money?
It certainly isn’t needed to operate Wikipedia. You can literally fit a copy of the entire text on your phone!
So, what’s the money for? Inquiring minds want to know …
— Elon Musk (@elonmusk) October 22, 2023
വിക്കിപീഡിയയുടെ സഹസ്ഥാപകൻ ജിമ്മി വെയിൽസും ശതകോടീശ്വരൻ ഇലോൺ മസ്‌കും തമ്മിലുള്ള വാക്കുതർക്കത്തിന്റെ ഭാഗമാണ് മക്‌സിന്റെ പുതിയ പരാമർശമെന്നാണ് വിലയിരുത്തൽ. തുർക്കിയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി എക്‌സിൽ ചില ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നത് സംബന്ധിച്ച മസ്‌കിന്‌റെ തീരുമാനത്തെ ജിമ്മി വെയിൽസ് വിമർശിച്ചിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് തുർക്കിയിൽ പലർക്കും ട്വിറ്ററിലെ ഉള്ളടക്കം ലഭ്യമായിരുന്നില്ല. എർദോഗനെതിരായി ഉയരുന്ന വിമർശനങ്ങൾ തുർക്കിയിലെ ജനങ്ങൾ അറിയാതിരിക്കാൻ വേണ്ടിയാണ് ഇത്തരമൊരു നിലപാട് മസ്‌ക് സ്വീകരിച്ചതെന്ന് വിക്കിപീഡിയ സഹസ്ഥാപകൻ ആരോപിക്കുകയും ചെയ്തു.
കഴിഞ്ഞ മെയ് മാസത്തിലായിരുന്നു സംഭവം നടന്നത്. സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിന് തടയിടുന്ന മസ്‌കിന്റെ നീക്കത്തിനെതിരെ ആയിരുന്നു ജിമ്മി വെയിൽസിന്റെ വിമർശനം. ഇതിന്റെ പേരിൽ മസ്‌കും വെയിൽസും തമ്മിൽ വലിയ വാഗ്വാദങ്ങളും അരങ്ങേറിയിരുന്നു. ഇതിന്റെ അവശേഷിപ്പുകളാണ് വിക്കിപീഡിയക്കെതിരായ മസ്‌കിന്റെ ദ്വയാർത്ഥ പരാമർശം.