കോഴിക്കോട്: ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ്, ഇന്ത്യയിലെ തങ്ങളുടെ ആദ്യ പ്രീമിയം ഡീലർഷിപ്പായ ‘ഹീറോ പ്രീമിയ’ ഔട്ട്ലെറ്റ് കേരളത്തിൽ ആരംഭിച്ചു. കോഴിക്കോടാണ് ഔട്ട്ലെറ്റ് ആരംഭിച്ചത്. പുതുതായി പുറത്തിറക്കിയ മുൻനിര മോട്ടോർസൈക്കിളായ Karizma XMR ഉൾപ്പെടെ ഹീറോ മോട്ടോകോർപ്പിന്റെ പ്രീമിയം ഉൽപ്പന്നങ്ങളുടെ ഒരു ശ്രേണി ഹീറോ പ്രീമിയയിൽ പ്രദർശിപ്പിക്കും. Vida V1 സ്കൂട്ടറുകളും ഹീറോ മോട്ടോകോർപ്പ് ആദ്യമായി സഹകരിച്ച് നിർമ്മിച്ച ഹാർലി-ഡേവിഡ്സൺ X440-യും ‘ഹീറോ പ്രീമിയ’യിൽ ഉപഭോക്താക്കൾക്കായി അവതരിപ്പിക്കുന്നുണ്ട്.
പ്രൊഫഷണലായി പരിശീലനം ലഭിച്ച സെയിൽസ് കൺസൾട്ടന്റുമാരുടെ ഒരു ടീമിനെയാണ് ഉപഭോക്താക്കൾക്ക് സേവനം ലഭ്യമാക്കാൻ പ്രീമിയയിൽ കമ്പനി നിയോഗിച്ചിട്ടുള്ളത്. ഉപഭോക്താക്കൾക്ക് അവരുടെ താൽപര്യത്തിനനുസരിച്ച് വാഹനം വാങ്ങുന്നതിനും വാഹനങ്ങളെ കുറിച്ച് കൂടുതൽ അറിയുന്നതിനും ഇവരുടെ സേവനം ഉപകാരപ്പെടും. ഏകദേശം 3,000 ചതുരശ്ര അടിയിലാണ് ഔട്ട്ലെറ്റ് നിർമ്മിച്ചിട്ടുള്ളത്. പ്രീമിയം ബൈക്കുകൾക്കൊപ്പം തന്നെ അവയുടെ ആക്സസറീസും ഔട്ട്ലെറ്റിൽ ലഭ്യമാകും. ഹീറോയുടെ എല്ലാ ബ്രാൻഡുകളും ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്നതാണ് ‘ഹീറോ പ്രീമിയ’യിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.