ന്യൂഡൽഹി: രാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യയിലെ പുതിയ യൂറേപ്യൻ യൂണിയൻ അംബാസഡർ ഹെർവ് ഡെൽഫിൻ. രാഷ്‌ട്രപതിഭവനിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ ഹെർവ് ഡെൽഫിൻ രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് ലെറ്റർ ഓഫ് ക്രെഡൻസ് സമർപ്പിച്ചു.
‘ആഗോളതലത്തിൽ യൂറോപ്യൻ യൂണിയൻ വികസിപ്പിച്ചെടുത്ത ഏറ്റവും പ്രധാനപ്പെട്ട ബന്ധങ്ങളിലൊന്നാണ് ഇന്ത്യയുമായുള്ള ബന്ധം. ഇന്ത്യയിൽ യൂറോപ്യൻ യൂണിയനെ പ്രതിനിധീകരിക്കാനും ഇന്ത്യയെ ലോകത്തിന്റെ ശക്തിയായി മാറ്റുന്നതിൽ സംഭാവന നൽകാനും സാധിച്ചത് അഭിമാനകരമാണ്. സാമ്പത്തിക അവസരങ്ങൾ വർദ്ധിപ്പിക്കുക, സുസ്ഥിരമായ വിതരണ ശൃംഖലകൾ ഉറപ്പാക്കുക, വേഗത്തിലുള്ള സങ്കേതിക മേഖലകളിലെ വികസനം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് തന്റെ പ്രധാന ശ്രമങ്ങൾ’. ഹെർവ് ഡെൽഫിൻ പറഞ്ഞു.
‘ഉഭയകക്ഷി സ്വതന്ത്ര വ്യാപാര കരാറിന്റെയും നിക്ഷേപ സംരക്ഷണ കരാറിന്റെയും ചർച്ചകളിലെ പുരോഗതിയും ഭൂമിശാസ്ത്രപരമായ സൂചനകളും യൂറോപ്യൻ യൂണിയൻ- ഇന്ത്യ ബന്ധത്തിന്റെ സാമ്പത്തിക സാധ്യതകൾ തുറക്കുന്നതിനുള്ള നിർണായക ഘടകമാണ് , അദ്ദേഹം പറഞ്ഞു. ഇന്ത്യയും യൂറോപ്യൻ യൂണിയനും വർഷങ്ങളായി ശക്തമായ ഉഭയകക്ഷി സഹകരണമുള്ള വിശ്വസ്ത പങ്കാളികളും സുഹൃത്തുക്കളുമാണ്’ അദ്ദേഹം കൂട്ടിച്ചേർത്തു.
വിതരണ ശൃംഖലകളുടെ വികസനത്തിനും സുസ്ഥിര വളർച്ചയ്‌ക്കും ഉഭയകക്ഷി, പ്രാദേശിക, ആഗോള തലങ്ങളിൽ കണക്റ്റിവിറ്റി ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നതിനും പൗരന്മാർക്കും ബിസിനസുകൾക്കുമായി ചരക്കുകൾ, ഊർജ്ജം, ഡാറ്റ എന്നിവയുടെ ഉപയോഗം സുഗമമാക്കുന്നതിനും വേണ്ടി യൂറോപ്യൻ യൂണിയൻ , ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ഇന്ത്യ , യുണൈറ്റഡ് സ്റ്റേറ്റ്‌സ്, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എന്നീ രാജ്യങ്ങൾ അടുത്തിടെ ഒപ്പുവച്ച ഇന്ത്യ -മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക കരാർ (ഐഎംഇസി) വഴി ഇന്ത്യയിലും സാമ്പത്തിക അവസരങ്ങൾ കൊണ്ടുവരാൻ കഴിയുമെന്ന്് അദ്ദേഹം പറഞ്ഞു.
യൂറോപ്യൻ യൂണിയനും ഇന്ത്യയും കഴിഞ്ഞ വർഷങ്ങളിൽ തങ്ങളുടെ സുരക്ഷാ, പ്രതിരോധ സഹകരണം ശക്തമാക്കുന്നതിന് സുപ്രധാനമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ട് . ‘ഇന്തോ-പസഫിക്, ഇന്ത്യൻ മഹാസമുദ്രം എന്നിവടങ്ങളിൽ ഈ പ്രതിരോധ സഹകരണം കൊണ്ടുവരാൻ കഴിയുന്ന പ്രധാന മേഖലകളാണ്, യൂറോപ്യൻ യൂണിയൻ – ഇന്ത്യ പങ്കാളിത്തത്തിന്റെ മുഴുവൻ സാധ്യതകളും അനാവരണം ചെയ്യുന്നതിനായി ബ്രസൽസിൽ നിന്ന് തനിക്ക് ലഭിച്ച ശക്തമായ അധികാരം വിനിയോഗിക്കുമെന്നും ഡെൽഫിൻ പറഞ്ഞു .















